ശിശു രോദനത്തിൻ്റെ നിസ്സഹായ നിലവിളികൾ

അഡ്വ. ചാർളിപോൾ

‘നാറാണത്ത് ഭ്രാന്തൻ’ എന്ന കവിതയിൽ വി . മധുസൂദനൻ നായർ എഴുതി; “ഓരോ ശിശു രോദനത്തിലും കേൾപ്പു ഞാൻ, ഒരു കോടി ഈശ്വരവിലാപം” . നെടുമങ്ങാട് പനവൂർ കരിക്കുഴിയിൽ ഒന്നര വയസ്സുകാരൻ അർഷിദിനെ രണ്ടാനച്ഛൻ ക്രൂരമായി പീഡിപ്പിച്ചു കൊന്ന വാർത്ത കേരളത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഈശ്വര വിലാപങ്ങൾ ഇവിടെ ഉയർന്നു കേൾക്കുന്നുണ്ട്.അർഷിദിന്റെ ശരീരത്തിൽ മരണകാരണമായ മർദ്ദനങ്ങൾ ഉൾപ്പെടെ 51 മുറിവുകളാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. തല ഭിത്തിയിൽ ഇടിപ്പിച്ചും കാലിൽ തീവച്ചു പൊള്ളിച്ചും നെഞ്ചിൽ ചവിട്ടിയും അർഷിദിനെ ക്രൂരമായി പീഡിപ്പിച്ചിരുന്നതായി രണ്ടാനച്ഛൻ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കുഞ്ഞ് തനിക്ക് ബാധ്യതയാകും എന്ന് തോന്നിയതിനാലാണ് തുടർച്ചയായി മർദ്ദിച്ചു കൊലപ്പെടുത്തിയെതെന്ന് പ്രതി പറഞ്ഞിട്ടുണ്ട്. പിച്ചവച്ചു നടക്കും മുൻപേ ഒരായുസ്സിൻ്റെ മുഴുവൻ വേദനയും സഹിച്ചാണ് ആ കുഞ്ഞ് കൊല്ലപ്പെട്ടത്. വാക്കുകൾ കൂട്ടിചൊല്ലാൻ വയ്യാത്ത, അമ്മയുടെ പേര് വിളിക്കാൻ മാത്രം പ്രായമായ, ഓടി ഒളിക്കാനും ഒച്ച വയ്ക്കാനും ആകാത്ത ആ കുഞ്ഞുടലിനോട് കാണിച്ച സമാനതകളില്ലാത്ത ക്രൂരതയിൽ നടുങ്ങി നിൽക്കുകയാണ് ഇന്ന് കേരളം.മൂന്നുമാസമായി കൊല്ലണമെന്ന് ഉദ്ദേശത്തോടെ കുഞ്ഞിനെ പീഡിപ്പിക്കുകയായിരുന്നു. വിശന്നു കരഞ്ഞാൽ തീവച്ചു പൊള്ളിക്കും. വാശി പിടിച്ചാൽ തൊഴിക്കും. കിടക്കയിൽ മൂത്രമൊഴിച്ചതിന് ജനനേന്ദ്രിയം കീറിമുറിച്ചു. ബൈക്കിൽ കയറാൻ ശ്രമിച്ചതിന് കൈകൾ തല്ലിയൊടിച്ചു. തുണി വായിൽ തിരുകിയാണ് മർദ്ദനം. ഒരിക്കൽ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചപ്പോൾ കുഞ്ഞിൻ്റെ പിടച്ചിൽ കണ്ട പെറ്റമ്മ അഖില താൻ ഇല്ലാത്തപ്പോൾ കൊല്ലാൻ പറഞ്ഞ് നൃത്ത പരിപാടിക്ക് പോയി.പിന്നീട് വീണ്ടും പെറ്റമ്മയായ അഖിലയോട് വിളിച്ചു പറഞ്ഞ ശേഷം കൊല്ലാൻ ശ്രമം ആരംഭിച്ചു. തൊണ്ടയിൽ ആഹാരം കുടുങ്ങി മരിച്ചു എന്നു വരുത്താനായിരുന്നു ശ്രമം. ആഹാരം കൊടുത്ത ശേഷം അതിറക്കുന്നതിനു മുമ്പ് കഴുത്തിൽ അമർത്തിപ്പിടിച്ചു. പലതവണ ഇതാവർത്തിച്ചിട്ടും മരിക്കാത്തതിനാൽ ഭിത്തിയിൽ തലപിടിച്ച് ഇടിച്ചു.കുഴഞ്ഞുവീണ കുഞ്ഞിൻ്റെ വായിലേക്ക് ഭക്ഷണം തിരുകി കഴിക്കാൻ ആവശ്യപ്പെട്ടു. അതോടെ കുഞ്ഞ് വലിയ ശബ്ദത്തിൽ ഛർദ്ദിക്കുന്ന ഒച്ച കേട്ട് അയ ൽക്കാരിൽ ചിലരെത്തി കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു. ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എന്ന് പറഞ്ഞെങ്കിലും ശരീരത്തിലെ മുറിവുകൾ കണ്ട ഡോക്ടർമാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.അർഷിദ് സഹിച്ച വേദനകൾ നമ്മുടെ ശരീരത്തിലും മനസ്സിലും കഠിന നോവുകൾ സൃഷ്ടിക്കുന്നുണ്ട്. ഇത്തരം ദുരനുഭവങ്ങൾ ഒരു കുട്ടിക്കും സംഭവിച്ചു കൂടാ.കുട്ടികളോടുള്ള ക്രൂരത ഒരു കാരണവശാലും വച്ചു പൊറുപ്പിക്കാനാവില്ല. റസിഡൻ്റ് സ് അസോസിയേഷനുകൾ, ജനപ്രതിനിധികൾ , പോലീസ്, ശിശുക്ഷേമപ്രവർത്തകർ എന്നിങ്ങനെ എല്ലാവരും ഉൾപ്പെട്ട ജാഗ്രത സമിതികൾ വാർഡ്തോറും ഉണ്ടാകേണ്ടതുണ്ട്. കുഞ്ഞുങ്ങൾ സുരക്ഷിതാ കുന്നിടത്താണ് മനുഷ്യരാശിയുടെ ഭാവി സുരക്ഷിതമാകുന്നത്. ഓരോ കുഞ്ഞിൻ്റെയും സുരക്ഷ സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്ന് തിരിച്ചറിവ് നമുക്ക് ഉണ്ടാകേണ്ടതുണ്ട്.വനിതാ -ശിശു വകുപ്പ് മുമ്പ് വീടുകളിലെ സാഹചര്യങ്ങൾ കണ്ടെത്താനുള്ള വൾനറബിലിറ്റി മാപ്പിങ് നടത്തിയിരുന്നു . അന്ന് സംസ്ഥാനത്ത് അരക്ഷിതരായ സാഹചര്യത്തിൽ 5.5 ലക്ഷം കുട്ടികൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു .2018 ൽ സാമൂഹ്യനീതി വകുപ്പ് നടത്തിയ സർവ്വേപ്രകാരം11,72, 433 കുടുംബങ്ങളിലെ കുട്ടികൾ സ്വന്തം വീടിനകത്ത് സുരക്ഷിതരല്ല. 36, 654 കുടുംബങ്ങളിൽ സ്വന്തം അച്ഛനോ അമ്മയോ അല്ല രക്ഷിതാവ്. 94, 685 കുടുംബങ്ങളിൽ രക്ഷിതാക്കളിൽ ആരെങ്കിലും ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരാണ്. രക്ഷിതാക്കളിൽ നിന്ന് തന്നെ കുട്ടികൾക്ക് മാരകമായ മർദ്ദനമേൽക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്.രണ്ടാനച്ഛൻ , മൂന്നാമത്തെ അച്ഛൻ എന്നിവരാൽ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത അപൂവ്വ സന്ദർഭങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. നൊന്തുപെറ്റ അമ്മ തന്നെ കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊന്നിട്ടുമുണ്ട്. പുതിയൊരു ദാമ്പത്യജീവിതത്തിന് തടസ്സമാകാതിരിക്കാൻ വേണ്ടിയാണിത് . രണ്ടാം വിവാഹം, മദ്യപാനം, മയക്കുമരുന്നു പയോഗം, സ്ഥിരമായ കലഹങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ, സ്വഭാവത്തിലെ വൈകല്യങ്ങൾ എന്നിങ്ങനെ നിരവധി കാരണങ്ങൾ ഇത്തരം സംഭവങ്ങൾക്ക് പുറകിലുണ്ട്.നമ്മുടെ തലച്ചോറിൽ നിലനിൽക്കുന്ന ദർപ്പണ നാഡീവ്യൂഹങ്ങൾ ( മിറർ ന്യൂറോൺ സ് ) എന്ന നാഡീകോശങ്ങടെ പ്രവർത്തനം വഴിയാണ് ഒരാളിൽ മനുഷ്യത്വം ഉണ്ടാകുന്നത്. ഒരാളെ മൃഗത്തിൽ നിന്നും മൃഗീയ വാസനങ്ങളിൽ നിന്നും വേർതിരിച്ചു നിർത്തുന്നതും മറ്റുള്ളവരുടെ വൈകാരിക അവസ്ഥകൾ കൃത്യമായി തിരിച്ചറിയാനും അത് ഉൾക്കൊള്ളാനും മറ്റുള്ളവരുടെ വേദനകൾ മനസ്സിലാക്കി അനുതാപത്തോടെ പെരുമാറാനും ഈ നാഡീവ്യൂഹങ്ങൾ നമ്മെ സഹായിക്കുന്നു. ചെറുപ്രായത്തിൽ തന്നെ ദയ ,കാരുണ്യം, അലിവ്, പരോപകാരം, മൃദുല ഭാവം, ആർദ്രത എന്നിങ്ങനെയുള്ള വികാരങ്ങൾ മനുഷ്യരിൽ അന്തർലീനമാക്കുന്നത് ദർപ്പണ നാഡീവ്യൂഹങ്ങളാണ് . ഇവയൊക്കെ മാതാപിതാക്കൾ കാണിച്ചുകൊടുക്കുമ്പോഴാണ് ദർപ്പണം നാഡിവ്യൂഹങ്ങൾ വളർച്ച കൈവരിക്കുന്നത്. എന്നാൽ സ്വഭാവദൂഷ്യ രോഗം (കോൺടാക്ട് ഡിസോർഡർ ) എന്ന അവസ്ഥയുള്ളവരിൽ ഈ നാഡീവ്യൂഹ വ്യവസ്ഥ താറുമാറായിരിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഇത്തരം കോൺടാക്ട് ഡിസോർഡർ ഉള്ളവർ മൃഗങ്ങളോടും മനുഷ്യരോടും ക്രൂരത കാട്ടും .ചെറിയ ശതമാനം ആളുകൾക്ക് തലച്ചോറിൽ ദർപ്പണ നാഡീവ്യൂഹങ്ങൾ ഉണ്ടാകണമെന്നില്ല. ഇത്തരം വ്യക്തികൾക്ക് മറ്റുള്ളവരുടെ വൈകാരിക അവസ്ഥ മനസ്സിലാക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും. ഇത്തരക്കാരെ ചെറുപ്പത്തിൽ തന്നെ ചികിത്സിച്ച് സുഖപ്പെടുത്തണം.ചികിത്സിക്കപ്പെടാതെ പോകുന്ന കോൺടാക്ട് ഡിസോർഡർ ആൾക്കാർ സാമൂഹിക വിരുദ്ധ വ്യക്തിത്വ വൈകല്യങ്ങൾ ഉള്ളവരായി മാറും. കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ അഷ്കർ ഇത്തരം സ്വാഭാവ വൈകല്യത്തിന് ഉടമയാകാനാണ് സാധ്യത. കുടുംബങ്ങളിലെ അരക്ഷിതാവസ്ഥ ഗുരുതരമായ പ്രശ്നങ്ങളിലേക്കും പ്രതിസന്ധികളിലേക്കും ഒരാളെ നയിച്ചേക്കാം. വെറുപ്പും വൈരാഗ്യവും സംഭ്രമവും അപകർഷ ബോധവും പ്രതികാര ചിന്തയും ആക്രമ വാസനയും കുട്ടികളിൽ രൂപപ്പെടുന്നത് ക്രൂരത നിറഞ്ഞ ബാല്യത്താലാണ്. ഇവർ കടുത്ത മ്ലാനതയിലേക്കോ ഒളിച്ചോട്ടത്തിലേക്കോ മദ്യം, മയക്കുമരുന്ന് എന്നിവയിലേക്കോ ആത്മഹത്യയിലേക്കോ നീങ്ങും .ശാരീരികവും മാനസികവുമായ ക്രൂരതകൾ ഏറ്റുവാങ്ങുന്നവരുടെ തലച്ചോറും ശാരീരത്തിലെ സംരക്ഷണ സംവിധാനങ്ങളും ശരിയായി പ്രവർത്തിക്കുന്നില്ല എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഭാവിയിൽ ഇക്കൂട്ടർ സാമൂഹ്യദ്രോഹികളോ മനോരോഗികളോ ഒക്കെയായി മാറിപ്പോയേക്കാം.ശാരീരിക മുറിവുകൾ കാലം മായ്ച്ചേക്കാം. എന്നാൽ മാനസികവും വൈകാരികവുമായ ആഘാതങ്ങൾ ആ കുഞ്ഞിൻ്റെ ആത്മാവിൽ ആഴത്തിൽ പതിഞ്ഞു കിടക്കും.കാരുണ്യവും ജാഗ്രതയും നിറഞ്ഞ മനസ്സുകൾ ബാല്യത്തിന്റെ കാവൽക്കാരായി മാറണം. കുട്ടികളെ കേൾക്കാനും അവരുടെ ഭീതികൾ മനസ്സിലാക്കാനും അവരെ ചേർത്തു പിടിക്കാനും കഴിയുന്ന ഒരു സംസ്കാരം നമ്മൾ വളർത്തിയെടുക്കണം .നിയമങ്ങൾ കൊണ്ട് മാത്രം പ്രശ്നങ്ങൾക്ക് പരിഹാരമാകില്ല .ഇത്തരം സംഭവങ്ങൾ ഒരിക്കലും ആവർത്തിക്കാൻ ഇടവരരുത്. കുടുംബങ്ങളുടെയും സമൂഹത്തിൻ്റെയും ജാഗ്രതയുടെ കരവലയത്തിനുള്ളിൽ സ്നേഹവും സഹാനുഭൂതിയും അനുഭവിച്ച് നമ്മുടെ കുട്ടികൾ വളരാൻ ഇടവരട്ടെ.( 8075789768)( അഭിഭാഷകനും ട്രെയ്നറും മെൻ്ററുമായ ലേഖകൻ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകളിൽ പരിശീലകനാണ് )

Leave a Reply

Your email address will not be published. Required fields are marked *