ദോഹ: ഡയസ്പോറ ഓഫ് മലപ്പുറം ഖത്തർ ( ഡോം ഖത്തർ) പ്രതിനിധി സംഘം മലപ്പുറം ജില്ലാ കലക്ടർ ഡോ. വിനോദ് ഗോയലുമായി കൂടിക്കാഴ്ച നടത്തി. ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ ഡോം ഖത്തറിന്റെ പ്രവർത്തനങ്ങൾ, ലക്ഷ്യങ്ങൾ, ഭാവി പദ്ധതികൾ എന്നിവ പ്രതിനിധികൾ ജില്ലാ കലക്ടറെ വിശദമായി പരിചയപ്പെടുത്തി.പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ, പ്രവാസികളുടെ സ്കിൽഡെവലപ്പ്മെന്റ്, അപ്സ്കില്ലിങ്,റിസ്കില്ലിങ് പദ്ധതികൾ, നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസവും പുനരുദ്യോഗവും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ എന്നിവയും വിശദമായി ചർച്ച ചെയ്തു.ലോകത്തിന്റെ വിവിധ ഗൾഫ് രാജ്യങ്ങളിലുള്ള മലപ്പുറം സ്വദേശികളുമായി ഏകോപനം നടത്തി, പ്രവാസികളുടെ ക്ഷേമത്തിനും വികസനത്തിനുമായി ജില്ലാ ഭരണകൂടവുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഡോം ഖത്തർ സന്നദ്ധമാണെന്ന് പ്രതിനിധികൾ അറിയിച്ചു.ലോകത്തിലെ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ജില്ലയിൽ നിന്നുള്ള വിവിധ സംഘടനകളെയും പ്രവാസി കൂട്ടായ്മകളെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾക്ക് ജില്ലാ കലക്ടറേറ്റ് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ടെന്നും, ഇത്തരം പ്രവർത്തനങ്ങളിൽ ഡോം ഖത്തറിന്റെ സജീവ സഹകരണം പ്രതീക്ഷിക്കുന്നതായും ജില്ലാ കലക്ടർ അറിയിച്ചു.ഡോം ഖത്തർ സംഘടിപ്പിച്ചു വരുന്ന “അമൽ” ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിന്റെ ലക്ഷ്യങ്ങളും വിവിധ ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പ്രവർത്തനങ്ങളും യോഗത്തിൽ വിശദീകരിച്ചു. സമൂഹത്തിൽ ലഹരിവിരുദ്ധ സന്ദേശം വ്യാപിപ്പിക്കുന്നതിനുള്ള ഈ സംരംഭത്തെ ജില്ലാ കലക്ടർ അഭിനന്ദിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.ചീഫ് അഡ്വൈസർ മഷ്ഹൂദ് വി സി, ജനറൽ സെക്രട്ടറി സിദ്ദീഖ് വാഴക്കാട്, വൈസ് പ്രസിഡന്റുമാരായ സി.കെ അബ്ദുൽ അസീസ്, പി സി നൗഫൽ കട്ടുപ്പാറ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.പ്രവാസി സമൂഹത്തിന്റെ ക്ഷേമവും ജില്ലയുടെ വികസനവും ലക്ഷ്യമിട്ടുള്ള വിവിധ മേഖലകളിൽ പരസ്പര സഹകരണത്തോടെ മുന്നോട്ട് പോകുമെന്ന് ഇരു വിഭാഗവും പ്രത്യാശ അറിയിച്ചു.
ഡയസ്പോറ ഓഫ് മലപ്പുറം ഖത്തർ (ഡോം ഖത്തർ) പ്രതിനിധികൾ മലപ്പുറം ജില്ലാ കലക്ടറുമായി കൂടിക്കാഴ്ച നടത്തി
