തിരുവനന്തപുരം: കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗമായി മൂന്ന് വർഷത്തെ ഔദ്യോഗിക കാലാവധി പൂർത്തിയാക്കി സൈഫുദ്ദീൻ ഹാജി ചുമതലയിൽ നിന്ന് പടിയിറങ്ങി.
2023 ഓഗസ്റ്റ് 3-ലെ സർക്കാർ ഉത്തരവിനെ തുടർന്ന് ഓഗസ്റ്റ് 7-നാണ് തിരുവനന്തപുരം ശാസ്തമംഗലത്തെ കമ്മീഷൻ ഓഫീസിലെത്തി സൈഫുദ്ദീൻ ഹാജി അംഗമായി ചുമതലയേറ്റത്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കേരളത്തിലെ മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, ജൈന, പാഴ്സി, സിഖ് തുടങ്ങിയ ന്യൂനപക്ഷ സമുദായങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ സംസ്ഥാനത്തെ 14 ജില്ലകളിലും സജീവമായി ഇടപെടാൻ അദ്ദേഹത്തിന് കഴിഞ്ഞു.
പരാതിപരിഹാര സിറ്റിങ്ങുകൾക്ക് പുറമെ ബോധവത്കരണ സെമിനാറുകൾ, വിവിധ ന്യൂനപക്ഷ സമൂഹങ്ങളുമായി ബന്ധപ്പെട്ട പൊതുപരിപാടികൾ എന്നിവയിലും സൈഫുദ്ദീൻ ഹാജി സജീവമായി പങ്കെടുത്തു. ന്യൂനപക്ഷ ജനവിഭാഗങ്ങളുമായി ബന്ധപ്പെട്ട നിരവധി നിർണായക വിഷയങ്ങളിൽ ഇടപെടാനും പ്രശ്നപരിഹാരത്തിനായി പ്രവർത്തിക്കാനും കമ്മീഷന് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
തന്റെ മൂന്ന് വർഷത്തെ സേവനകാലയളവിൽ സഹകരിച്ച സംസ്ഥാന സർക്കാർ, കമ്മീഷനിലെ ഉദ്യോഗസ്ഥർ, 14 ജില്ലകളിലെയും ജില്ലാ കളക്ടർമാർ, എ.ഡി.എംമാർ, കളക്ടറേറ്റുകളിലെയും ന്യൂനപക്ഷ സെല്ലുകളിലെയും ഉദ്യോഗസ്ഥർ, സെക്രട്ടേറിയറ്റിലെ പൊതുഭരണ (ന്യൂനപക്ഷ ക്ഷേമ) വകുപ്പ്, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ, വിവിധ ജില്ലകളിലെ ന്യൂനപക്ഷ സമുദായ-സംഘടനാ നേതാക്കൾ, സഹപ്രവർത്തകർ എന്നിവർക്കും സൈഫുദ്ദീൻ ഹാജി ഹൃദയംഗമമായ നന്ദി അറിയിച്ചു.
മൂന്ന് വർഷത്തെ സേവനകാലയളവിൽ ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും സഹകരണത്തിനും നന്ദി രേഖപ്പെടുത്തിയാണ് അദ്ദേഹം ന്യൂനപക്ഷ കമ്മീഷനിൽ നിന്ന് പടിയിറങ്ങിയത്.
