ലോക കേരള സഭ തുടരില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

ലോക കേരള സഭ തുടരില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. ലോക കേരള സഭ തുടരില്ലെന്നത് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനമാണ്. അതിലൊരു മാറ്റവുമില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയതുപോലെ ലോക കേരള സഭ സംഘടിപ്പിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ല. ലോക കേരള സഭയുടെ ആറാമത് എഡിഷന് സര്‍ക്കാര്‍ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

ലോക കേരള സഭ സെക്രട്ടേറിയറ്റിന് നിലവില്‍ ഓഫീസുണ്ട്. അവിടുത്തെ അഡ്മിനിസ്‌ട്രേറ്റീവ് എക്‌സ്പന്‍സിനും നോര്‍ക്ക വഴി നടത്തുന്ന ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്ക് മാത്രമാണ് തുക അനുവദിച്ചിരിക്കുന്നത്. പ്രവാസി ക്ഷേമ പദ്ധതികള്‍ സര്‍ക്കാരിന്റെ പ്രഥമ പരിഗണനയിലുള്ള വിഷയമാണ്. അത്തരം നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കും കൂടിയാണ് തുക അനുവദിച്ചിരിക്കുന്നതെന്നും സതീശന്‍ വ്യക്തമാക്കി. ലോക കേരള സഭയുമായി ബന്ധപ്പെട്ട് വി ഡി സതീശന്‍ യൂടേണടിച്ചുവെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *