വൈക്കം എൻ എസ് എസ് യൂണിയൻ നവതിയുടെ നിറവിൽ

സാമൂഹിക – സാമ്പത്തിക സുരക്ഷിതത്വത്തിനുള്ള വിപുലമായ കർമ്മ പദ്ധതിയുമായി എൻ എസ് എസ് യൂണിയൻ

കൊല്ലവർഷം 1112 ചിങ്ങം 25 ന് നായർ സർവ്വീസ് സൊസൈറ്റിയിൽ 955-ാം നമ്പരായി രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ച വൈക്കം താലൂക്ക് NSS കരയോഗ യൂണിയൻ നവതിയുടെ നിറവിലെത്തി നിൽക്കുന്നു. സംഭവബഹുലമായ ഒൻപത് പതിറ്റാണ്ട് നീണ്ട സ്തുത്യർഹമായ പ്രവർത്തനത്തിലൂടെ സംഘടന വൈക്കത്തിൻ്റെ സാമൂഹിക സാംസ്ക്കാരിക മേഖലക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്.
1924 ലെ വൈക്കം സത്യാഗ്രഹത്തിനും 1936 ലെ ക്ഷേത്ര പ്രവേശന സമയത്തും മന്നത്ത് പത്മനാഭൻ അടക്കമുള്ള സമുന്നത നേതാക്കളോടൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച ഉത്പതിഷ്ണുക്കളായ സമുദായ നേതാക്കളുടെ നേതൃത്വത്തിലാണ് കരയോഗ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 302-ാം നമ്പർ കടുത്തുരുത്തി കരയോഗമാണ് താലൂക്കിൽ ആദ്യമായി രജിസ്റ്റർ ചെയ്തത്‌.
വളരെ ചെറിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച യൂണിയൻ ഓഫീസ് നിലവിൽ വൈക്കം ക്ഷേത്രത്തിൻ്റെ വടക്ക് പടിഞ്ഞാറ് പ്രധാന റോഡ് സൈഡിലെ ഇരുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. വിവിധ ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിട സമുച്ചയം, ഗസ്റ്റ് ഹൗസ്, മിനി കോൺഫറൻസ് ഹാൾ, ഇരുനില കല്യാണമണ്ഡപം തുടങ്ങി നിരവധി സ്ഥാപനങ്ങൾ നിലവിൽ യൂണിയൻ്റെ ഉടമസ്ഥതയിൽ ഉണ്ട്.

താലൂക്കിലെ പതിമൂന്ന് പഞ്ചായത്ത് മേഖലകളിലും വൈക്കം മുനിസിപ്പാലിറ്റി മേഖലയിലുമായി 97 കരയോഗങ്ങളാണ് യൂണിയന് കീഴിൽ നിലവിലുള്ളത്. നിരവധി ക്ഷേത്രങ്ങൾ, ആഡിറ്റോറിയങ്ങൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, സ്കൂളുകൾ തുടങ്ങിയവ കരയോഗങ്ങളുടെ ഉടമസ്ഥതയിൽ ഉണ്ട്.

യൂണിയൻ്റെ ആദ്യ പ്രസിഡൻ്റായിരുന്ന വി കെ വേലപ്പൻ മുതൽ ഇപ്പോഴത്തെ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് വരെയുള്ള 9 പേരാണ് ഇത്രയും കാലം യൂണിയനെ നയിച്ചത്. ഇതിൽ ഭൂരിപക്ഷം പേരും വൈക്കത്തിൻ്റെ സാമൂഹിക- സാംസ്ക്കാരിക – വിദ്യാഭ്യാസ- ആദ്ധ്യാത്മിക – സഹകരണ മേഖലകളിൽ തിളക്കമാർന്ന പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളവരാണ്.

എൻ എസ് എസ് പ്രസിഡൻ്റ്, സംസ്ഥാന ആരോഗ്യ- ഊർജ വകുപ്പ് മന്ത്രി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച വി കെ വേലപ്പനും ചെമ്പ് മണ്ണാമ്പിൽ അഡ്വ കെ നാരായണപ്പണിക്കരുമാണ് ഏതാണ്ട് 20 വർഷക്കാലം വീതം യൂണിയന് നേതൃത്വം നൽകിയത്. ഒന്നര ദശാബ്ദക്കാലം യൂണിയൻ പ്രസിഡൻ്റായി പ്രവർത്തിച്ച കടുത്തുരുത്തി തെക്കേടത്ത് കെ എൻ നാരായണൻ നായരുടെയും ഒരു പതിറ്റാണ്ട് യൂണിയൻ പ്രസിഡൻ്റായി പ്രവർത്തിച്ച വടയാർ അമ്പാടിയിൽ ഏ കെ ഭാസ്കരൻ നായരുടെയും പ്രവർത്തന കാലഘട്ടവും അവിസ്മരണീയമാണ്. അവരെപ്പോലെ തന്നെ യൂണിയൻ പ്രസിഡൻ്റുമാരായിരുന്ന എൻ നീലകണ്ഠപിള്ള, ജി കൃഷ്ണപിള്ള എന്നിവരും കാലയവനികൾക്കുള്ളിൽ മറഞ്ഞ ചിരസ്മരണീയരായ മുൻ പ്രസിഡൻ്റുമാരാണ്.

നിലവിലെ യൂണിയൻ കമ്മറ്റി വളരെ ശക്തവും ചലനാത്മകവുമായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോകുന്നത്.

നവതി ആഘോഷങ്ങൾക്ക് മുന്നോടിയായി ഒരു വർഷക്കാലം നീണ്ടു നിന്ന മന്നം നവോത്ഥാന സൂര്യൻ പദ്ധതി നടപ്പിലാക്കുകയുണ്ടായി. മന്നത്തിൻ്റെ ജീവിതത്തെയും കർമ്മോജ്ജ്വലമായ പ്രവർത്തനങ്ങളെയും കുറിച്ച് അനേകം പരിപാടികൾ ഇതിൻ്റെ ഭാഗമായി നടത്തുകയുണ്ടായി. സമാപനമായി താലൂക്ക് നായർ മഹാസമ്മേളനവും സംഘടിപ്പിച്ചു.

നവതിയോടനുബന്ധിച്ച് അടുത്ത ഒരു വർഷക്കാലം ബൃഹത്തായ ക്ഷേമ – വികസന പദ്ധതികൾ നടപ്പിലാക്കുന്നതാണ്.

യുവത്വം വിവേകാനന്ദം

യുവതീ- യുവാക്കളെ സാമൂഹിക പ്രതിബദ്ധതയുള്ളവരും സമൂഹത്തിൻ്റെ മുഖ്യധാരയിലെ പ്രവർത്തനങ്ങളിൽ വ്യാപൃതരുമാക്കുന്നതിനായി ‘”യുവത്വം വിവേകാനന്ദം” പദ്ധതി നടപ്പിലാക്കി വരുന്നു.ഇതിലൂടെ വിദ്യാർത്ഥികൾക്കും യുവജനതക്കും ദിശാബോധം നൽകുന്ന വിവിധ പരിപാടികൾ നടന്ന് വരുന്നു. ‘

സ്നേഹ സ്പർശം

നവതി ആഘോഷിച്ച മാതാപിതാക്കളുടെ മാനസികോല്ലാസത്തിനും സാമൂഹിക സുരക്ഷിതത്വത്തിനുമായുള്ള “സ്നേഹസ്പർശം” പദ്ധതി നടപ്പിലാക്കി വരുന്നു. നവതിയിലെത്തിയ മുഴുവൻ മാതാപിതാക്കളെയും വീടുകളിലെത്തി ആദരിക്കുകയും അവരുടെ ക്ഷേമകാര്യങ്ങൾ അന്വേഷിക്കുകയും ചെയ്യുന്നു.

എൻ്റെ ഭൂമി എൻ്റെ വീട്

നിർദ്ധന കുടുംബത്തിനുള്ള ഭവന നിർമ്മാണം, ഭൂരഹിത – ഭവന രഹിതർക്കുള്ള സ്വന്തം ഭൂമിയും വീടും നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. എൻ എസ് എസ് കേന്ദ്ര നേതൃത്വത്തിൻ്റെ കൂടി സഹായത്തോടെ ഭവന നിർമ്മാണ പ്രവർത്തനം നടന്ന് വരുന്നു.

വിവാഹ സഹായവും മംഗല്യ വേദിയും

വനിതകൾക്കുള്ള വിവാഹ സഹായം എൻ എസ് എസ് നേതൃത്വത്തിൻ്റെ കൂടി സാമ്പത്തിക സഹായത്തോടെ നൽകുന്നു. വിവാഹ പ്രായമെത്തിയവർക്കായി സൗജന്യ സേവനം ലഭ്യമാക്കുന്ന മംഗല്യ വേദി നടത്തി വരുന്നു

സംരംഭക സൗഹൃദയാത്രയും ഒരു വീട്ടിൽ ഒരു സംരംഭവും

ഒരു കരയോഗത്തിൽ ഒരു സംരംഭമെങ്കിലും ആരംഭിക്കണമെന്ന NSS ജനറൽ സെക്രട്ടറിയുടെ നിർദ്ദേശം പ്രായോഗികമാക്കുന്നതിനായി സംരംഭക – സൗഹൃദ യാത്ര താലൂക്കിലെ മുഴുവൻ കരയോഗങ്ങളിലും നടത്തുന്നതാണ്. ഇതിൻ്റെ ഉദ്ഘാടനം 927-ാം നമ്പർ ബ്രഹ്മമംഗലം എൻ എസ് എസ് കരയോഗത്തിൽ ഒക്ടോബർ 15 ന് വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് നടത്തുന്നതാണ്.

പത്തിന സംരംഭകത്വ പ്രോത്സാഹനം

പരിസ്ഥിത സൗഹൃദ വ്യവസായ സംരംഭകങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി യുവ പ്രൊഫഷണലുകളെ ഉൾപ്പെടുത്തി ജോയിൻ്റ് ലയബിലിറ്റി ഗ്രൂപ്പുകൾ (JLG) വഴി ടൂറിസം, ഐ ടി , ആരോഗ്യം തുടങ്ങി പത്ത് മേഖലകളിലായി വ്യവസായ യൂണിറ്റിനുള്ള പ്രോത്സാഹനം ചെയ്യുന്നതാണ്.

പത്മകഫേ

എൻ എസ് എസ് വിജയകരമായി നടപ്പിലാക്കി വരുന്ന പത്മ കഫേയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. താലൂക്ക് മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പത്മകഫേ പ്രവർത്തിക്കുക.

തിരുവാതിര ഇൻസ്റ്റിറ്റ്യൂട്ട്

വനിതാ യുണിയൻ നേതൃത്വ നൽകുന്ന തിരുവാതിര ഇൻസ്റ്റിറ്റ്യൂട്ട്, ഭജൻസ് ഗ്രൂപ്പ്, കലാ- സാംസ്ക്കാരിക വിഭാഗം എന്നിവ മികച്ച നിലയിൽ പ്രവർത്തിക്കുന്നു

ഇതിന് പുറമേ
രോഗികൾക്കായുള്ള ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം, വിവിധ വിദ്യാഭ്യാസ സ്ക്കോളർഷിപ്പുകൾ ,എൻഡോവ്മെൻ്റുകൾ എന്നിവ നൽകി വരുന്നു.

കരയോഗ – യൂണിയൻ തലങ്ങളിൽ ഹ്യൂമൺ റിസോഴ്‌സ് സെൻ്ററുകൾ, ആദ്ധ്യാത്മിക വിഭാഗം, എന്നിവ പ്രവർത്തിച്ച് വരുന്നു.

യൂണിയൻ തലത്തിൽ സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ, സോളാർ സ്ഥാപിക്കൽ എന്നിവ നവതിയുടെ ഭാഗമായി നടപ്പിലാക്കുന്നതാണ്.

പി ജി എം നായർ കാരിക്കോട്
(പ്രസിഡൻ്റ്)

പി വേണുഗോപാൽ
(വൈസ് പ്രസിഡൻ്റ്)

അഖിൽ ആർ നായർ
( യൂണിയൻ സെക്രട്ടറി)

Leave a Reply

Your email address will not be published. Required fields are marked *