അശ്വതിക്കും കുടുംബത്തിനും പുതുജീവിതം, ബാങ്ക് ബാധ്യത ഏറ്റെടുത്ത് എം എ യൂസഫലി

കണ്ണൂർ: പറക്കമുറ്റാത്ത കുഞ്ഞുങ്ങളുള്‍പ്പെട്ട കുടുംബവുമായി തളിപ്പറമ്പിലെ ജപ്തി ചെയ്ത വീടിന്‍റെ അടുക്കള വരാന്തയില്‍ കഴിഞ്ഞ മുന്‍ ത്രോ ബോള്‍ താരം അശ്വതിക്ക് സഹായവുമായി എം എ യൂസഫലി. കേരളാ ബാങ്കിലെ മുഴുവന്‍ കടബാധ്യതകളും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി അടച്ചു തീര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് ഇടപെടല്‍.

‘റേഷൻ വാങ്ങാൻ പോലും പൈസ ഇല്ലായിരുന്നു. സ്കൂളിൽ പോകുന്ന മകൾക്ക് ഇടാൻ അടിവസ്ത്രം പോലുമില്ലാത്ത സാഹചര്യമാണ്. കീറിയ യൂണിഫോം ഇട്ടാണ് അവൾ പോകുന്നത്. കളയാൻ ഇട്ട ചെരുപ്പ് കഴുകി വൃത്തിയാക്കി വീണ്ടും ഇട്ടു. ഒരമ്മ എന്ന നിലയിൽ എത്രത്തോളം വേദന തനിക്ക് ഉണ്ടാകുമെന്ന് പറഞ്ഞാൽ മനസ്സിലാവില്ല…”- അശ്വതിയുടെ ഈ വാക്കുകള്‍ ഹൃദയം നുറുങ്ങുന്ന വേദനയിലാണ് മലയാളികള്‍ കേട്ടത്.

വീട് നിര്‍മ്മിക്കാനായി ആകെയുണ്ടായിരുന്ന ഭൂമി പണയം വെച്ച് കേരളാ ബാങ്കില്‍ നിന്ന് 15 ലക്ഷം രൂപ എടുത്തതാണ്. ഭര്‍ത്താവ് നിധിനുണ്ടായ അപകടത്തിനു പുറമേ അമ്മയും അച്ഛനും രോഗികള്‍ കൂടിയായതോടെ തിരിച്ചടവ് മുടങ്ങി. പലിശയുള്‍പ്പെടെ 35 ലക്ഷം രൂപയടക്കാന്‍ കഴിയാതെ വീട് ജപ്തിയുമായി. അങ്ങനെയാണ് ബാങ്ക് അധികൃതര്‍ പൂട്ടി സീല്‍ ചെയ്ത വീടിന്‍റെ അടുക്കള വരാന്തയിലേക്ക് നാലു മാസം മുമ്പ് ഈ കുടുംബമെത്തിയത്.

അശ്വതിയുടെ ദുരിത ജീവിതം ശ്രദ്ധയില്‍പെട്ട എം എ യൂസഫലി വിഷയത്തില്‍ ഇടപെടുകയും ബാങ്കിലെ മുഴുവന്‍ ബാധ്യതകളും ഏറ്റെടുക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയോടെ ആണ് അശ്വതിയുടെ വാർത്ത യൂസഫലിയുടെ ശ്രദ്ധയിൽപെട്ടതെന്നും ബാധ്യതകൾ തീർത്ത് ഇന്നലെ തന്നെ അശ്വതിയെ വീട്ടിൽ പ്രവേശിപ്പിക്കണമെന്ന് നിർദേശം നൽകിയെന്നും ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ ബി സ്വരാജ് പറഞ്ഞു. അശ്വതിയുടെ ബാങ്ക് ബാധ്യത മുഴുവൻ വീട്ടിയെന്നും വീട്ടിൽ പ്രവേശിപ്പിക്കാനുള്ള ശ്രമം നടത്തുകയാണെന്നും അദ്ദേഹം അറിയിച്ചു.

സന്തോഷ വാര്‍ത്തയറിഞ്ഞ അശ്വതി വിങ്ങിപ്പൊട്ടി. എന്താണ് പറയേണ്ടതെന്ന് അറിയില്ലെന്നും മരണംവരെ യൂസഫലിയോട് കടപ്പാടുണ്ടാകുമെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് ഒരുപാട് നന്ദിയുണ്ടെന്നും അശ്വതി പറഞ്ഞു. നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കി വീടിന്‍റെ താക്കോല്‍ ഉടന്‍ കുടുംബത്തിന് കൈമാറുമെന്ന് കേരളാ ബാങ്ക് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *