എസ്ഐആറിനെതിരെ കൊച്ചിയിൽ നവംബർ ഏഴിന് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). ‘ജന്തർ മന്തർ അറ്റ് കൊച്ചി’ എന്നു പേരിട്ടിട്ടുള്ള പരിപാടിയിൽ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ പങ്കെടുക്കുമെന്നും സിജെപി എക്സിൽ പറഞ്ഞു. രാജേന്ദ്ര മൈതാനിയിൽ വൈകിട്ട് നാലിനാണ് പ്രതിഷേധം സംഘടിപ്പിക്കുക.
‘ജനാധിപത്യം സംരക്ഷിക്കുക, എസ്ഐആറ് റദ്ദാക്കുക’ എന്ന് രേഖപ്പെടുത്തിയിട്ടുള്ള പോസ്റ്ററുകളും സിജെപി എക്സിൽ പങ്കുവച്ചിട്ടുണ്ട്. ദിപ്കെയെക്കൂടാതെ സിജെപി സൗത്ത് സോൺ നേതാവ് വിജയ് മല്ലാങ്കി, ദേശീയ സെക്രട്ടറി ആഫ്രീൻ നവാസ് തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുക്കും.
കഴിഞ്ഞമാസം ഡൽഹിയിലെ ജന്തർ മന്തറിൽ നടക്കാനിരുന്ന പ്രതിഷേധത്തിനു തൊട്ടുമുൻപ് ദിപ്കെ അടക്കമുള്ള നേതാക്കൾ അറസ്റ്റിലായ സംഭവത്തിനുശേഷം സിജെപി പ്രഖ്യാപിക്കുന്ന ആദ്യത്തെ പ്രതിഷേധ പരിപാടിയാണ് കൊച്ചിയിലേത്.
