തിരുവനന്തപുരം: ആദർശശാലിയായ മാധ്യമപ്രവർത്തകനും മികച്ച സംഘാടകനുമായിരുന്നു കേരള ജേർണലിസ്‌റ്റ് യൂണിയൻ (KJU) സ്ഥാപക നേതാവും സംസ്ഥാന പ്രസിഡന്റുമായിരുന്ന സഖാവ് യു. വിക്രമനെന്ന് മന്ത്രി സി.പി. ജോൺ. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച യു. വിക്രമൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഠനകാലം മുതൽ ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങളിൽ ഒന്നിച്ചു പ്രവർത്തിച്ച ഓർമ്മകൾ മന്ത്രി പങ്കുവെച്ചു. താൻ SFI യിലും വിക്രമൻ AIYF ലും പ്രവർത്തിച്ചിരുന്ന കാലത്ത് തന്നെ മികച്ച നേതാവെന്ന നിലയിൽ അദ്ദേഹത്തെ ആരാധിച്ചിരുന്നു. പിന്നീട് മാധ്യമരംഗത്ത് സത്യത്തിനു വേണ്ടി ഉറച്ചുനിന്ന വ്യക്തിത്വമായിരുന്നു യു. വിക്രമന്റേതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അധികാരമോഹങ്ങളില്ലാത്ത തികഞ്ഞ മാധ്യമപ്രവർത്തകനായിരുന്നു യു. വിക്രമനെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മുൻ എം.പി.യും സി.പി.ഐ. നേതാവുമായ പന്ന്യൻ രവീന്ദ്രൻ അനുസ്മരിച്ചു.
KJU സംസ്ഥാന പ്രസിഡന്റ് ജോസി തുമ്പാനത്ത്, സംസ്ഥാന ജനറൽ സെക്രട്ടറി എ.പി. ഷഫീഖ്, സംസ്ഥാന കോ-ഓർഡിനേറ്റർ പി.കെ. രതീഷ്, IJUനാഷണൽ കൗൺസിൽ അംഗം ശിവശങ്കര പിള്ള, തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറി പ്രവീൺ, സീനിയർ ജേർണലിസ്റ്റ് ഫോറം പ്രസിഡന്റ് കെ. ശശിധരൻ, പി. പ്രഭാകരൻ, KJU തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് രജിത, സെക്രട്ടറി പി. വിജയദാസ്, സീതാ വിക്രമൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
യു. വിക്രമൻ സത്യത്തിനു വേണ്ടി നിലകൊണ്ട മാധ്യമപ്രവർത്തകൻ: മന്ത്രി സി.പി. ജോൺ
