ദോഹ: ചെറുപ്രായത്തിൽ അഞ്ച് ലോക റെക്കോർഡുകൾ സ്വന്തമാക്കി ശ്രദ്ധേയനായ ആറു വയസ്സുകാരൻ അൽ അമീൻ ബിൻ അഹമ്മദ് ഡാനിഷിനെ ക്യുമേറ്റ്സ് ഖത്തർ ആദരിച്ചു. ഇന്ത്യൻ കൾച്ചറൽ സെന്ററിലെ മുംബൈ ഹാളിൽ നടന്ന ചടങ്ങിലാണ് കുട്ടിയുടെ കലാ സൃഷ്ഠിയിലുള്ള അസാധാരണ നേട്ടത്തെ സംഘടന ആദരിച്ചത്.ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്, കലാമ്സ് വേൾഡ് റെക്കോർഡ്, വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്, നോബിൾ വേൾഡ് റെക്കോർഡ് എന്നിവയാണ് അൽ അമീൻ ബിൻ അഹമ്മദ് ഡാനിഷ് സ്വന്തമാക്കിയ അഞ്ച് ലോക റെക്കോർഡുകൾ.ക്യുമേറ്റ്സ് ഖത്തർ പ്രസിഡന്റ് ഖാലിദ് കല്ലു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ജംനാസ് യൂസഫ് സ്വാഗതം പറഞ്ഞു. ഇന്ത്യൻ കൾച്ചറൽ സെന്റർ ഖത്തർ പ്രസിഡന്റ് കെ. പി. മണികണ്ഠൻ മുഖ്യാതിഥിയായി പങ്കെടുത്തു.ചടങ്ങിൽ ഇന്ത്യൻ കൾച്ചറൽ സെന്റർ ഖത്തർ ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, ഗിന്നസ് ലോക റെക്കോർഡ് ജേതാവ് ഷക്കീൽ ചേറയിൽ, റിയാസ് പി. ലത്തീഫ് എന്നിവർ ആശംസകൾ നേർന്നു. ഖത്തറിലുടനീളം 192 കിലോമീറ്റർ 30 മണിക്കൂർ തുടർച്ചയായി ഓടി ലോക റെക്കോർഡ് നേടിയ ഷക്കീൽ ചേറയിലിന്റെ നേട്ടവും ചടങ്ങിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു.പരിപാടിയുടെ സംഘാടനത്തിനും ഏകോപനത്തിനും ഷെറിൻ സലിം, ഷമീൽ, ഫിറോസ് ഖാൻ, ഏജാസ്, ആയിഷ, റിസ്‌വാൻ, സുനിൽ, നിയാസ് എന്നിവർ നേതൃത്വം നൽകി.അൽ അമീൻ ഡാനിഷിന്റെ നേട്ടം പുതുതലമുറയ്ക്ക് വലിയ പ്രചോദനമാണെന്നും കഴിവും പ്രതിഭയും പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും ചടങ്ങിൽ അഭിപ്രായപ്പെട്ടു.ക്യുമേറ്റ്സ് ഖത്തർ ട്രഷറർ പ്രശോഭ് നമ്പ്യാർ ചടങ്ങിൽ നന്ദി പറഞ്ഞു.
അഞ്ച് ലോക റെക്കോർഡുകൾ സ്വന്തമാക്കിയ ആറു വയസ്സുകാരന് ക്യുമേറ്റ്സ് ഖത്തറിന്റെ ആദരം
