പീരുമേട്: മുന്നറിയിപ്പില്ലാതെ പോബ്സൺ എന്റർപ്രൈസസിന്റെ ഉടമസ്ഥതയിലുള്ള ഏഴ് തേയിലത്തോട്ടങ്ങൾ അടച്ചുപൂട്ടിയ നടപടി അംഗീകരിക്കാനാവില്ലെന്ന് സിറിയക് തോമസ് എം.എൽ.എ. ആയിരക്കണക്കിന് തൊഴിലാളികളെ പട്ടിണിയിലാക്കുന്ന നടപടിയോട് യോജിക്കാനാവില്ലെന്നും പ്രശ്നപരിഹാരത്തിന് അടിയന്തര ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച ഐ.എൻ.ടി.യു.സി പ്രതിനിധി സംഘം എം.എൽ.എയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകിയിരുന്നു. വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായും എം.എൽ.എ പറഞ്ഞു.
ഇതിനിടെയാണ് എ.ഐ.ടി.യു.സി തൊഴിലാളികളെ പങ്കെടുപ്പിച്ച് തോട്ടം ഉടമയുടെ തിരുവല്ലയിലെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. ഇതിനു പിന്നാലെയാണ് ഏഴ് തോട്ടങ്ങളും അടച്ചുപൂട്ടുന്നതായി ഉടമ പത്രക്കുറിപ്പിലൂടെ അറിയിച്ചത്. എച്ച്.ഐ.എൽ യൂണിയന്റെ നിരുത്തരവാദപരമായ നടപടികളാണ് ഉടമയെ പ്രകോപിപ്പിച്ചതെന്നും എം.എൽ.എ ആരോപിച്ചു.
വിഷയത്തിൽ അടിയന്തരമായി തൊഴിൽ മന്ത്രിയെയും മുഖ്യമന്ത്രിയെയും ബന്ധപ്പെട്ടതായും തിടുക്കപ്പെട്ട നടപടികളിൽനിന്ന് പിൻമാറണമെന്ന് തോട്ടം ഉടമയോട് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
ഉടൻതന്നെ ബന്ധപ്പെട്ട കക്ഷികളെ പങ്കെടുപ്പിച്ച് അനുരഞ്ജന ചർച്ച നടത്തി പ്രശ്നത്തിന് പരിഹാരം കാണുമെന്നും തൊഴിലാളികളുടെ തൊഴിലും ഉപജീവനവും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു.
