മെസ്സിക്ക് ഗുരുവായൂരപ്പന്റെ മണ്ണിൽ നിന്ന് പാൽപായസം; ലോകകപ്പ് മധുരത്തിനായി കോൺഗ്രസ് നേതാവിന്റെ വഴിപാട്‌

യൂസഫ് അരിയന്നൂർ

​ഗുരുവായൂർ: കളിക്കളത്തിലെ ‘മിശിഹ’ ലയണൽ മെസ്സിയുടെ കാലുകളിൽ പന്തുരുളുമ്പോൾ നെഞ്ചിടിപ്പോടെയല്ലാതെ മലയാളിക്ക് കളി കാണാനാകില്ല. അർജന്റീനയുടെ നീലക്കുപ്പായക്കാരൻ ലോകത്തിന്റെ ഏത് കോണിലിരുന്ന് ബൂട്ടുകെട്ടിയാലും അതിലൊരു ‘കേരള കണക്ഷൻ’ എങ്ങനെയെങ്കിലും കടന്നുകൂടും. ഇപ്പോഴിതാ, മെസ്സിയുടെ മുപ്പത്തിയൊൻപതാം ജന്മദിനത്തിൽ ഗുരുവായൂർ ക്ഷേത്ര നടയിൽ നിന്നും വേറിട്ടൊരു സ്നേഹസമ്മാനം തരംഗമാവുകയാണ്.

​പ്രിയ താരത്തിന്റെ ജന്മദിനത്തിൽ ഗുരുവായൂരപ്പന് പാൽപായസം വഴിപാട് നേർന്നാണ് ഗുരുവായൂരിലെ പ്രമുഖ കോൺഗ്രസ് നേതാവും പൊതുപ്രവർത്തകനുമായ ഒ.കെ.ആർ. മണികണ്ഠൻ വാർത്തകളിൽ ഇടംനേടുന്നത്. കേവലമൊരു ജന്മദിനാശംസയിൽ ഒതുക്കാതെ, വരാനിരിക്കുന്ന ലോകകപ്പ് പോരാട്ടങ്ങൾക്കുള്ള പ്രാർത്ഥന കൂടിയായിരുന്നു ഈ വഴിപാട് ശീട്ട്.
​”പാൽപായസം പോലെ മധുരമാകട്ടെ ലോക കപ്പ് വിജയവും… കപ്പുയർത്തും പ്രിയ മെസ്സി, ഒരായിരം ജന്മദിനാശംസകൾ നേരുന്നു മിസിഹക്ക്…”

​വഴിപാട് രസീതിനൊപ്പം മണികണ്ഠൻ കുറിച്ച ഈ വാക്കുകൾ ഇപ്പോൾ ഫുട്ബോൾ ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ ലോകകപ്പ് വിജയത്തിന്റെ മധുരം ഇനിയും ആറിയിട്ടില്ലാത്ത മലയാളി ആരാധകരുടെ മനസ്സിലിരിപ്പ് തന്നെയാണ് ഈ വരികളിലുള്ളത്. മെസ്സി ഇനിയും കളിമുറ്റത്ത് വിസ്മയങ്ങൾ തീർക്കുമെന്നും വീണ്ടുമൊരു ലോകകപ്പ് കൂടി ഉയർത്തുമെന്നുമുള്ള ഉറച്ച വിശ്വാസത്തിലാണ് മണികണ്ഠനെപ്പോലെയുള്ള ദശലക്ഷക്കണക്കിന് ആരാധകർ.

​രാഷ്ട്രീയ ഗോദയിലെ തിരക്കുകൾക്കിടയിലും ഉള്ളിലെ കടുത്ത ഫുട്ബോൾ പ്രേമിയെ നെഞ്ചേറ്റുന്ന മണികണ്ഠന്റെ ഈ വേറിട്ട വഴിപാട് വിവരവും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ കായികപ്രേമികൾക്കിടയിലും രാഷ്ട്രീയ അണികൾക്കിടയിലും ഒരുപോലെ ചർച്ചയായിക്കഴിഞ്ഞു. കളിമുറ്റത്തെ രാജാവിന് ഗുരുവായൂരപ്പന്റെ മണ്ണിൽ നിന്നും ഒരു മലയാളി കോൺഗ്രസ് നേതാവ് നേർന്ന ഈ ‘മധുരമുള്ള’ ആശംസ അന്താരാഷ്ട്ര ഫുട്ബോൾ ഗ്രൂപ്പുകളിലേക്ക് വരെ ഫോർവേഡ് ചെയ്യപ്പെടുകയാണ്.

കളിയോടുള്ള ഈ മലയാളി ഭ്രാന്തിന് ഇതിലും വലിയ എന്ത് തെളിവ് വേണം!

Leave a Reply

Your email address will not be published. Required fields are marked *