ആരോഗ്യ സർവകലാശാലയുടെ വാർഷിക കായിക ഫിക്‌സ്ചർ മീറ്റിംഗ് സംഘടിപ്പിച്ചു

തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ (കെ.യു.എച്ച്.എസ്) വാർഷിക കായിക ഫിക്‌സ്ചർ മീറ്റിംഗ് സർവകലാശാല സെനറ്റ് ഹാളിൽ വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. സർവകലാശാലയുടെ 2026-27 അധ്യയന വർഷത്തെ സ്പോർട്സ് കലണ്ടറും വൈസ് ചാൻസലർ പ്രകാശനം ചെയ്തു.ആരോഗ്യശാസ്ത്ര സർവകലാശാല എന്ന നിലയിൽ വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിൽ കായിക വിനോദങ്ങൾക്ക് വലിയ പ്രാധാന്യമാണ് കെ.യു.എച്ച്.എസ് നൽകുന്നതെന്ന് വൈസ് ചാൻസലർ പറഞ്ഞു. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 15ന് ഓരോ അഫിലിയേറ്റഡ് കോളേജിലും കായിക പരിപാടികൾ സംഘടിപ്പിക്കുന്നതിനായി 15,000 രൂപ വീതം സർവകലാശാല അനുവദിക്കാറുണ്ടെന്നും മറ്റു നിരവധി പരിപാടികൾ സസംഘടിപ്പിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.സർവകലാശാല വിദ്യാർത്ഥികാര്യ ഡീനിന്റെ കാര്യാലയത്തിലെ സ്പോർട്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന യോഗത്തിൽ വിവിധ അഫിലിയേറ്റഡ് കോളേജുകളിലെ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകർ പങ്കെടുത്തു.കെ.യു.എച്ച്.എസ് പ്രോ വൈസ് ചാൻസലർ പ്രൊഫ. ഡോ. സി. പി. വിജയൻ അധ്യക്ഷത വഹിച്ചു. രജിസ്ട്രാർ പ്രൊഫ. ഡോ. എസ്. ഗോപകുമാർ, ഫിനാൻസ് ഓഫീസർ ശ്രീ സുധീർ എം എസ്, വിദ്യാർത്ഥികാര്യ ഡീൻ ഡോ. ആർ. ആശിഷ്, സർവകലാശാല സ്പോർട്സ് കോ-ഓർഡിനേറ്റർ എം. എസ്. ഗോവിന്ദൻകുട്ടി എന്നിവർ സംസാരിച്ചു. കൺട്രോളർ ഓഫ് എക്സാമിനേഷൻസ്‌ പ്രൊഫ. ഡോ. എസ്. അനിൽകുമാർ സന്നിഹിതനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *