തോമസ് ഉണ്ണിയാടൻ ‘ദി മെർജർമാൻ ഓഫ് കേരള കോൺഗ്രസ് ‘

– വിൽസൻ മേച്ചേരി –

തൃശൂർ :ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ  യുഡിഎഫിലെ ചില ഘടകകക്ഷികൾ കൂടുതൽ സീറ്റ് വേണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നപ്പോൾ പി ജെ ജോസഫ് നയിക്കുന്ന കേരള കോൺഗ്രസ് യുഡിഎഫിന്റെ കെട്ടുറപ്പിനെ ഓർത്ത് അതിന് മുതിർന്നില്ല എന്നത് ശ്രദ്ധേയമാണ്. തങ്ങൾക്ക്  അവകാശപ്പെട്ട പത്ത് സീറ്റുകൾ മാത്രം മതിയെന്ന് പറഞ്ഞിട്ടും ഇത്തവണ മാത്രം എട്ടിൽ തൃപ്തിപ്പെടണമെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ അഭ്യർത്ഥന മാനിച്ച് അതിനും വഴങ്ങി മാതൃക കാട്ടുകയായിരുന്നു കേരള കോൺഗ്രസ്. പ്രതിപക്ഷ നേതാവ് മുന്നോട്ട് വച്ച ‘ടീം യുഡിഎഫ് ‘ എന്ന ആപ്തവാക്യത്തോടുള്ള ഐക്യദാർഡ്യം കൂടിയായിരുന്നു അത്. അത് കൊണ്ട് തന്നെ കേരള കോൺഗ്രസ് മത്സരിച്ച എട്ടിടത്തും ‘ടീം യുഡിഎഫ് ‘ സ്പിരിറ്റ് നന്നായി വർക്ക് ചെയ്തു എന്ന് തന്നെ പറയാം. എല്ലാ സീറ്റിലും വിജയ പ്രതീക്ഷയോടെയാണ് പാർട്ടി മുന്നോട്ട് പോകുന്നതെന്ന് പാർട്ടി ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു.

ഇടത് പക്ഷ കോട്ടയെന്ന് അറിയപ്പെടുന്ന ഇരിങ്ങാലക്കുടയിൽ ഇക്കുറി തോമസ് ഉണ്ണിയാടൻ പതിനായിരത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജയിച്ചുകയറുമെന്ന് ഏറെക്കുറെ ഉറപ്പിച്ച രീതിയിലാണ് ഇരിങ്ങാലക്കുടയിലെ യുഡിഎഫ് നേതൃത്വം. പ്രധാന സർവ്വേ റിപ്പോർട്ടുകളെല്ലാം തന്നെ ഈ വസ്തുത അരക്കിട്ടുറപ്പിക്കുന്ന വിധത്തിലുമാണ്. ഇടത് പക്ഷത്തിന്റെ കോട്ടകൊത്തളങ്ങളിൽ  വിള്ളൽ വീഴ്ത്തി കൊണ്ട് 2001ൽ ആരംഭിച്ച വിജയഗാഥ 2006ലും തുടർന്ന ഉണ്ണിയാടൻ 2011 ൽ  ഹാട്രിക്ക് വിജയം നേടുകയായിരുന്നു. തുടർന്ന് സർക്കാർ ചീഫ് വിപ്പുമായി. 

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കേരള കോൺഗ്രസുകൾ വ്യത്യസ്ത ചേരികളിൽ നിലയുറപ്പിച്ച് പരസ്പരം പോർവിളി നടത്തുന്നത് ഒരു തീരാനൊമ്പരമായി ഉണ്ണിയാടന്റെ മനസ്സിൽ എന്നു മുണ്ടായിരുന്നു. അതിന്റെ ഭാഗമായി അച്യുതാനന്ദൻ  മന്ത്രിസഭയിൽ അംഗമായിരുന്ന പി ജെ ജോസഫിനേയും യുഡിഎഫിന്റെ ഭാഗമായ കേരള കോൺഗ്രസ് എം ചെയർമാൻ കെ എം മാണിയേയും ഒന്നിപ്പിച്ച് യുഡിഎഫിലെത്തിക്കാൻ ഉണ്ണിയാടൻ മുന്നിട്ടിറങ്ങുകയായിരുന്നു. എൽ ഡി എഫ് മന്ത്രിസഭയിൽ നിന്ന് പി ജെ ജോസഫിനെ രാജി വയ്പ്പിച്ച് ഇരുകൂട്ടരേയും പരസ്പരധാരണകളുടെ അടിസ്ഥാനത്തിൽ ലയിപ്പിച്ച് യുഡിഎഫ് ക്യാമ്പിലെത്തിക്കുക എന്നത് സാധാരണ ഗതിയിൽ അസംഭവ്യമായി തോന്നാമെങ്കിലും ആത്മവിശ്വാസം കൈമുതലാക്കി ഉണ്ണിയാടൻ മുന്നോട്ട് പോയി. ഒടുവിൽ ഏറെ പരിശ്രമങ്ങൾക്കൊടുവിൽ രണ്ട് നേതാക്കളേയും ഒരുമിച്ചിരുത്തി തന്റെ ലക്ഷ്യം നേടിയെടുക്കുന്നതിന് ഉണ്ണിയാടന് കഴിഞ്ഞു. അങ്ങനെയാണ് 2010 ൽ പി ജെ ജോസഫ്, മോൻസ് ജോസഫ് അടക്കമുള്ള നേതാക്കൾ യുഡിഎഫിലെത്തുന്നത്. ചുരുക്കത്തിൽ പി ജെ ജോസഫിന് ഐക്യദാർഢ്യം നൽകുന്ന വലിയൊരു വിഭാഗത്തെ കേരള കോൺഗ്രസിന്റെ മാതൃ സംഘടനയായ യുഡിഎഫിലെത്തിച്ചതിന്റെ  ക്രെഡിറ്റ്  തോമസ് ഉണ്ണിയാടന് അവകാശപ്പെട്ടതാണ്.അത് കൊണ്ട് തന്നെ ഇത്തവണ ഇരിങ്ങാലക്കുടയിൽ നിന്ന് ജയിക്കുകയും യുഡിഎഫ് ഭൂരിപക്ഷം നേടുകയും ചെയ്താൽ മന്ത്രിസ്ഥാനത്തിന് ഉണ്ണിയാടൻ തികച്ചും അർഹനാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവുമെന്ന് തോന്നുന്നുമില്ല. മാത്രമല്ല  പാർലമെന്ററി പാർട്ടി രൂപീകൃതമാകുമ്പോൾ  ഏറ്റവും മുതിർന്ന അംഗമായ ഉണ്ണിയാടന് തന്നെയാണ് പ്രവർത്തന രംഗത്തും സീനിയോരിറ്റി എന്നതും ഉണ്ണിയാടന്റെ മന്ത്രി പദം ഉറപ്പാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *