നെഹ്റു ട്രോഫി ടെൻഡർ വിവാദം: തങ്ങൾക്ക് നേരെ കടുത്ത രാഷ്ട്രീയ ഗൂഢാലോചനയെന്ന് ഓസ്കർ ഇവൻസ്

തകർക്കാൻ ശ്രമമെന്ന് ആരോപണം

തൃശ്ശൂർ: നെഹ്റു ട്രോഫി ജലമേളയുടെ പവലിയൻ നിർമ്മാണ കരാർ റദ്ദാക്കി തങ്ങളെ പുറത്താക്കിയ നടപടിക്ക് പിന്നിൽ കടുത്ത രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ‘ഓസ്കർ ഇവൻസ്’. എറണാകുളം കലൂർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിക്കിടെ ഗാലറി തകർന്ന് ഉമാ തോമസ് എം.എൽ.എയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ആരോപണം നേരിടുന്ന കമ്പനിയാണ് ഓസ്കർ ഇവൻസ്. ഈ അപകടത്തിന്റെ പേര് പറഞ്ഞ് കമ്പനിയെ വള്ളംകളി സംഘാടനത്തിൽ നിന്ന് ബോധപൂർവ്വം മാറ്റിനിർത്താൻ ഒരു വിഭാഗം ആളുകൾ രാഷ്ട്രീയ നീക്കം നടത്തുകയാണെന്ന് ഓസ്കർ ഇവൻസ് എം.ഡി ഓസ്കർ ജനീഷ് ആരോപിച്ചു.

കലൂർ സ്റ്റേഡിയത്തിലെ അപകടത്തെത്തുടർന്ന് ശക്തമായ എതിർപ്പുകൾ ഉയർന്ന സാഹചര്യത്തിലാണ് കമ്പനിക്ക് നൽകിയ കരാർ റദ്ദാക്കാൻ ജില്ലാ ഭരണകൂടവും ഇറിഗേഷൻ വകുപ്പും നിർബന്ധിതരായത്. എന്നാൽ, നിയമപരമായി എല്ലാ നിബന്ധനകളും പാലിച്ചാണ് തങ്ങൾ ടെൻഡറിൽ പങ്കെടുത്തതെന്നും, ഒടുവിൽ കരാർ റദ്ദാക്കിയതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും കമ്പനി വ്യക്തമാക്കി.
ഉമാ തോമസ് എം.എൽ.എയ്ക്ക് അപകടമുണ്ടായ സംഭവവുമായി ബന്ധപ്പെട്ട കേസ് നിലവിൽ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണെന്ന് കമ്പനി ചൂണ്ടിക്കാട്ടി.

സർക്കാരോ ബന്ധപ്പെട്ട വകുപ്പുകളോ തങ്ങളെ കരിമ്പട്ടികയിൽ പെടുത്തിയിട്ടില്ല. അതിനാൽ തന്നെ ജലമേളയുടെ ടെൻഡറിൽ പങ്കെടുത്തത് പൂർണ്ണമായും നിയമവിധേയമായാണ്. പ്രസന്റേഷൻ ഘട്ടത്തിൽ ഏറ്റവും മികച്ച നിർദ്ദേശം സമർപ്പിച്ചത് തങ്ങളായിരുന്നു. എന്നിട്ടും കലൂർ സംഭവത്തിന്റെ പേരുപറഞ്ഞ് അവസാന നിമിഷം തങ്ങളെ പടിയടച്ച് പിണ്ഡം വെക്കാൻ ചില കേന്ദ്രങ്ങൾ രംഗത്തിറങ്ങിയത് വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണെന്നാണ് കമ്പനിയുടെ വാദം.

ഈ മാസം 31 വരെ സമയമുള്ള പുതിയ റീ-ടെൻഡറിലും പങ്കെടുക്കുമെന്ന ഉറച്ച നിലപാടിലാണ് ഓസ്കർ ഇവൻസ്. തങ്ങൾക്ക് യാതൊരുവിധ വിലക്കുകളുമില്ലാത്ത സാഹചര്യത്തിൽ ടെൻഡർ നടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

അതേസമയം, എം.എൽ.എയ്ക്ക് അപകടം സംഭവിച്ച കേസിൽ ആരോപണവിധേയമായ കമ്പനി എങ്ങനെ നെഹ്റു ട്രോഫിയുടെ ടെൻഡർ നടപടികളിൽ അവസാന ഘട്ടം വരെ എത്തി എന്നതിനെക്കുറിച്ച് ജില്ലാ ഭരണകൂടം ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇറിഗേഷൻ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഇടപെടലാണ് ഇതിന് പിന്നിലെന്ന ആരോപണം ശക്തമായതോടെയാണ് ആദ്യ ടെൻഡർ റദ്ദാക്കി കളക്ടർ ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *