കാഞ്ഞങ്ങാട് സൗത്ത് സ്‌കൂളിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം

കാഞ്ഞങ്ങാട് സൗത്ത് ജി വി എച്ച് എസ് സ്‌കൂളിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. സ്കൂളിലെ ഗേൾസ് ടോയിലറ്റിന്റെ ഡോർ, ക്ലോസറ്റ്, വാഷ് ബേസിൻ എന്നിവയും റെയിൽവേ പാളത്തിന് സമീപമുള്ള ഇരുമ്പ് കാൽനട പാലവും അജ്ഞാതർ തകർത്തു. ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ ഉദ്ഘാടനം ചെയ്ത ഗേൾസ് ടോയിലറ്റ് കോംപ്ലക്സിലുൾപ്പെടെ അതിക്രമം

കഴിഞ്ഞ ദിവസം രാവിലെ സ്കൂളിലെത്തിയ അധ്യാപകരാണ് നാശനഷ്ടം ആദ്യം കണ്ടത്. പെൺകുട്ടികളും സ്‌റ്റാഫും ഉപയോഗിക്കുന്ന നാല് ടോയിലറ്റിന്റെ ഡോർ പൊളിക്കുകയും ഒപ്പം ക്ലോസറ്റും വാഷ് ബേസിനും അടിച്ചുതകർത്തുമാണ് നശിപ്പിച്ചിരിക്കുന്നത്. ഇതോടെ അധ്യാപികമാർക്കും വിദ്യാർത്ഥിനികൾക്കും പ്രാഥമിക സൗകര്യങ്ങൾ പോലും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയായി.

ഇതിന് പുറമെ സ്കൂളിലേക്കുള്ള പുറകിലത്തെ വഴിയായ റെയിൽവേ പാളത്തിന് സമീപമുള്ള ഇരുമ്പ് പാലത്തിന്റെ കൈവരികളും വളച്ചും പൊട്ടിച്ചും നശിപ്പിച്ച നിലയിലാണ്. ഈ വഴിയാണ് നൂറുകണക്കിന് വിദ്യാർത്ഥികൾ സ്കൂളിലെത്തുന്നത്. പാലം തകർന്നതോടെ കുട്ടികൾക്ക് റെയിൽവേ ട്രാക്ക് മുറിച്ചുകടന്ന് വരുന്ന വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടായി .

മഴക്കാലമായതിനാൽ തകർന്ന പാലത്തിന് ചുറ്റും വെള്ളക്കെട്ടും ചെളിയുമുണ്ട്. ഇത് വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ്.

സംഭവത്തിൽ സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകി. ഉടൻ തന്നെ ടോയിലറ്റും പാലവും നന്നാക്കി കുട്ടികൾക്ക് സുരക്ഷിതമായ പഠനാന്തരീക്ഷം ഒരുക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.

പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികൾക്കായി അന്വേഷണം ആരംഭിക്കണമെന്ന് പി.റ്റി എ പ്രസിഡൻ്റ് എൻ ഉണ്ണികൃഷ്ണനും വി എച്ച് എസ് ഇ പ്രിൻസിപ്പാൾ പി എസ് അരുണും , ഹെഡ്മാസ്റ്റർ ഗിരിശനും സംയുക്തമായി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *