ആംഗ്യങ്ങൾക്ക് ശബ്ദം നൽകാൻ ‘സ്മാർട്ട് ഗ്ലൗ’; ശ്രദ്ധനേടി റെഡ്‌ഫോക്സ് റോബോട്ടിക്സ്*

​കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റിൽ കൗതുകവും പ്രതീക്ഷയും പകർന്ന് ആംഗ്യഭാഷയെ ശബ്ദമാക്കി മാറ്റുന്ന ‘സ്മാർട്ട് ഗ്ലൗ’. സംസാരശേഷി ഇല്ലാത്തവർക്ക് ആശയവിനിമയം എളുപ്പമാക്കാൻ ലക്ഷ്യമിട്ട് റെഡ്‌ഫോക്സ് റോബോട്ടിക്സ് പ്രൈവറ്റ് ലിമിറ്റഡ് വികസിപ്പിച്ചെടുത്ത ഈ നിർമിതബുദ്ധി (എ.ഐ) കൈയുറ സമ്മിറ്റിലെ പ്രധാന ആകർഷണങ്ങളിലൊന്നായി മാറി.
​കൈയുറ ധരിച്ച് കാണിക്കുന്ന ഏതുതരം ആംഗ്യഭാഷയെയും നിമിഷനേരംകൊണ്ട് ശബ്ദമായും എഴുത്തായും ചിത്രങ്ങളായും മാറ്റാൻ ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കും. കൈയുറയുമായി ബന്ധിപ്പിച്ചിട്ടുള്ള പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ഇത് പ്രവർത്തിക്കുന്നത്. ഉപയോക്താവ് കാണിക്കുന്ന ആംഗ്യങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ് ആപ്പിൽ തെളിയുകയും തുടർന്ന് അത് ശബ്ദമായി പുറത്തുവരുകയും ചെയ്യും.
​ഭാഷാ പരിമിതികൾ മറികടക്കാൻ സഹായിക്കുന്ന ബഹുഭാഷാ സൗകര്യമാണ് ഈ സ്മാർട്ട് ഗ്ലൗവിന്റെ മറ്റൊരു പ്രധാന സവിശേഷത. ഇന്ത്യയിലെ 12 പ്രാദേശിക ഭാഷകളിൽ ആശയവിനിമയം നടത്താനുള്ള ഓഡിയോ സംവിധാനം ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യുന്ന ഒരാൾക്ക് ആപ്പിൽ തമിഴ് ഭാഷ തിരഞ്ഞെടുത്താൽ, ആംഗ്യങ്ങളിലൂടെ തമിഴിൽ സംസാരിക്കാൻ ഇതിലൂടെ സാധിക്കും.
​റെഡ്‌ഫോക്സ് റോബോട്ടിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും സി.ഇ.ഒയുമായ വിമുൻ എ. ആണ് ഈ നൂതന ആശയത്തിന് പിന്നിൽ. ഏകാംഗ കമ്പനിയായി (വൺ പേഴ്സൺ കമ്പനി) ആരംഭിച്ച ഈ സംരംഭത്തിൽ നിലവിൽ വിമുനെ കൂടാതെ മൂന്നുപേർ കൂടി പ്രവർത്തിക്കുന്നുണ്ട്. സാമൂഹിക പ്രസക്തിയുള്ള ഈ കണ്ടുപിടിത്തത്തിന് യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (വൈ.ഐ.പി), കെ-ഡിസ്ക് എന്നിവയുടെ സാമ്പത്തിക സഹായവും കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഫണ്ടിങ്ങും ഐഡിയ ഗ്രാന്റും ലഭിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ ദൈനംദിന ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്ന ഈ സാങ്കേതികവിദ്യയ്ക്ക് സമ്മിറ്റിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *