ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ ‘അക്വാ കളക്ടർ’

ഇരിങ്ങാലക്കുട: ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് പൊങ്ങിക്കിടക്കുന്ന അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനായി സൗരോർജത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ‘അക്വാ കളക്ടർ’ എന്ന നൂതന ഉപകരണം വികസിപ്പിച്ചിരിക്കുകയാണ് ജി.എം.ബി.വി.എച്ച്.എസ്.എസ് ഇരിങ്ങാലക്കുടയിലെ വി എച്ച് എസ്‌ ഇ വെബ് ഡെവലപ്പർ കോഴ്സ് വിദ്യാർഥികളായ അഭിനന്ദ് കെ.എസ്., അൻസിൽ റഹ്‌മാൻ, അഭിനന്ദ് വത്സൻ, ക്രിസ് ജെ. പയ്യപ്പിള്ളി. വൊക്കേഷണൽ ടീച്ചർ നിസ കെ തുടങ്ങിയവർ നേതൃത്വം നൽകി.

ജലാശയങ്ങളിലെ മലിനീകരണം കുറയ്ക്കുകയും ജലസ്രോതസ്സുകൾ സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തയ്യാറാക്കിയത്. സൗരോർജ പാനലിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഉപകരണത്തിൽ മോട്ടോർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന മാലിന്യശേഖരണ സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് കവറുകൾ തുടങ്ങിയ മാലിന്യങ്ങൾ ശേഖരണ ഭാഗത്തേക്ക് എത്തിച്ച് സംഭരിക്കുകയാണ് ഇതിന്റെ പ്രവർത്തനരീതി.

പരിസ്ഥിതി സൗഹൃദമായ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ജലമലിനീകരണത്തിന് പരിഹാരം കണ്ടെത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കുളങ്ങൾ, തോടുകൾ, മറ്റ് ജലാശയങ്ങൾ എന്നിവിടങ്ങളിൽ മാലിന്യനീക്കം എളുപ്പമാക്കാൻ ഇത്തരം ഉപകരണങ്ങൾക്ക് വലിയ സാധ്യതയുണ്ട്.

വിദ്യാർഥികളുടെ സാങ്കേതിക നൈപുണ്യവും ശാസ്ത്രീയ ചിന്തയും പരിസ്ഥിതി സംരക്ഷണത്തോടുള്ള പ്രതിബദ്ധതയും പ്രകടമാക്കുന്ന ഈ മാതൃക ശ്രദ്ധേയമാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *