പി.എസ്.സി അംഗങ്ങളായി അഞ്ച് പേരെ ശിപാർശ ചെയ്യും; കോൺഗ്രസിന് നാല്, ലീഗിന് ഒന്ന്; അംഗങ്ങളെ അറിയാം.

കോൺഗ്രസിൽനിന്ന് അഡ്വ. ജി. ഗോപകുമാർ, രമേശ് എം. തമ്പി, റോസമ്മ ഫിലിപ്പ്, അഡ്വ. ആർ. സനൽകുമാർ എന്നിവരുടെ പേരുകളാണ് പി.എസ്.സി അംഗങ്ങളാകാൻ ഗവർണർക്ക് ശിപാർശ ചെയ്യുക.

മുസ്ലിം ലീഗിൽ നിന്ന് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയത്തിന്‍റെ പേരാണ് പട്ടികയിലുള്ളത്. കോട്ടയം ഡി.സി.സി വൈസ് പ്രസിഡന്‍റാണ് അഭിഭാഷകനായ ഗോപകുമാർ. കേരള പിഎസ്‌സി എംപ്ലോയീസ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റാണ് രമേശ് എം. തമ്പി. പത്തനാപുരം മൗണ്ട് താബോർ ട്രെയിനിങ് കോളജ് മുൻ പ്രിൻസിപ്പലും കെ.പി.സി.സി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യന്‍റെ ഭാര്യയുമാണ് ഡോ. റോസമ്മ ഫിലിപ്പ്. അമ്പലപ്പുഴയിലെ കോൺഗ്രസ് നേതാവായ ആർ. സനൽകുമാർ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ കാലത്ത് ജില്ല ഗവ. പീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്നു. സനൽ കുമാറിന്‍റെയും എഴുത്തുകാരി സുധാമേനോന്‍റെയും പേരുകളാണ് കെ.സി. വേണുഗോപാൽ പക്ഷം മുന്നോട്ടുവെച്ചിരുന്നത്. ഇതിൽ സുധാമേനോൻ അഹമ്മദാബാദിൽ സ്ഥിരതാമസമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതോടെയാണ് സനൽകുമാറിന് നറുക്കുവീണത്.നേരത്തെ, മന്ത്രിസഭാ യോഗത്തിൽ പി.എസ്.സി അംഗങ്ങളുടെ നിയമനത്തിൽ കൂടിയാലോചനയില്ലാത്തതിൽ മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാർ തുറന്നടിച്ചിരുന്നു. അഞ്ച് പി.എസ്.സി അംഗങ്ങളുടെ ഒഴിവ് നികത്താനുള്ള പട്ടിക മുഖ്യമന്ത്രി വി.ഡി. സതീശൻ മന്ത്രിസഭയുടെ പരിഗണനക്ക് കൊണ്ടുവന്നപ്പോഴായിരുന്നു തർക്കം ഉയർന്നത്. അഞ്ചിൽ നാലെണ്ണം കോൺഗ്രസിനും ഒന്ന് മുസ്ലിം ലീഗിനുമാണെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. ഗവർണർക്ക് ശിപാർശ ചെയ്യുന്നവരുടെ പട്ടിക മുഖ്യമന്ത്രി വായിക്കാൻ തുടങ്ങിയപ്പോൾ തന്നെ മന്ത്രി എ.പി. അനിൽകുമാറാണ് ആദ്യം തർക്കം ഉന്നയിച്ചത്. എവിടെ ചർച്ച ചെയ്താണ് പട്ടിക തയാറാക്കിയത് എന്നായിരുന്നു അനിൽകുമാറിന്‍റെ ചോദ്യം. പാർട്ടിക്കുള്ളിൽ ചർച്ചയില്ലാതെയാണ് പട്ടിക തയാറാക്കിയതെന്നായിരുന്നു അനിൽ കുമാറിന്‍റെ നിലപാട്.
പിന്നാലെ കേരള കോൺഗ്രസിന് പ്രാതിനിധ്യം ഇല്ലാത്തത് മന്ത്രി മോൻസ് ജോസഫും ഉന്നയിച്ചു. പല വിഷയങ്ങളിലെയും തീരുമാനങ്ങൾ താനും അറിയുന്നില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കൂടിയായ സണ്ണി ജോസഫ് പറഞ്ഞതോടെ തർക്കം കടുത്തു. ബോർഡ്/ കോർപറേഷൻ പദവികളിലെ നിയമനങ്ങളിലെ അവഗണനയും തീരുമാനം വൈകുന്നതിലുള്ള അതൃപ്തിയും മന്ത്രി ഷിബു ബേബി ജോണും തുറന്നുപറഞ്ഞു.

എന്നാൽ പി.എസ്.സിയിൽ അസാധാരണ സാഹചര്യമാണെന്നും ഗവർണറുടെ ശിപാർശയുടെ സാഹചര്യത്തിൽ ചെയർമാനും അംഗങ്ങൾക്കുമെതിരെ ഏത് നിമിഷവും രാഷ്ട്രപതിയുടെ നടപടി വന്നേക്കാമെന്നും അതുകൊണ്ടാണ് ഒഴിവുള്ള അഞ്ചംഗങ്ങളുടെ കാര്യത്തിൽ അടിയന്തര തീരുമാനം ആവശ്യമായി വന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പി.എസ്.സി പരീക്ഷ ക്രമക്കേടുകളിൽ ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ഗവർണർ ശിപാർശ സാഹചര്യം വിശദീകരിച്ചായിരുന്നു മറുപടി.

രാഷ്ട്രപതിയുടെ നടപടി വന്നാൽ പി.എസ്.സി ഭരണഘടന പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും ഇത് സംസ്ഥാനത്ത് നിയമന പ്രതിസന്ധി ഉൾപ്പെടെ ക്ഷണിച്ചുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതൊഴിവാക്കാൻ അടിയന്തര തീരുമാനം ആവശ്യമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഭിന്നതക്കും തർക്കങ്ങൾക്കുമൊടുവിൽ പട്ടിക അംഗീകരിക്കാൻ മന്ത്രിസഭ യോഗത്തിൽ ധാരണയാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *