മന്ത്രിസഭയിലും പാർട്ടിയിലും കൂടിയാലോചന ഇല്ലെന്ന വാർത്ത മാധ്യമ സൃഷ്ടിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഗുരുവായൂർ ദേവസ്വം നിയമന വിവാദങ്ങളിൽ വന്ന വാർത്തകളെല്ലം തെറ്റാണ്. തെറ്റായ കേന്ദ്രങ്ങളിൽ നിന്നാണ് ഇത്തരം വാർത്തകൾ വരുന്നത്. മന്ത്രിസഭയിൽ എല്ലാ മന്ത്രിമാരും ആ ഫയലിൽ ഒപ്പിട്ടു. ദേവസ്വം നിയമന ഫയൽ തയാറാക്കിയത് ദേവസ്വം വകുപ്പാണ്. വൈദ്യുതി കരാറുമായി ബന്ധപ്പെട്ട് വന്ന വാർത്തകളും പച്ചക്കള്ളമാണ്. കൂട്ടുത്തരവാദിത്തത്തിൽ ഒരു പ്രശ്നവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരുപാട് തർക്കങ്ങൾ കാബിനറ്റിൽ ഉണ്ടായിട്ടുണ്ട്. രണ്ടര മണിക്കൂർ കാബിനറ്റ് നടന്നു. ഇത് പിണറായി വിജയന്റെ കാബിനറ്റ് അല്ല. പിണറായി വിജയൻ പോക്കറ്റിൽ എഴുതി കൊണ്ടുവരുന്ന കാര്യങ്ങൾ അന്നു നടക്കുമായിരുന്നു. ഈ സർക്കാരിൽ അങ്ങനെ കാര്യങ്ങൾ നടക്കില്ല. ഉന്നതവിദ്യാഭ്യാസ ബില്ലിനെപ്പറ്റി ഒരു മണിക്കൂർ ചർച്ച നടന്നു. പല മന്ത്രിമാരും വ്യത്യസ്ത അഭിപ്രായങ്ങൾ പറഞ്ഞ് തർക്കിച്ചു. എൽപിഎസ്ടി സമരത്തെപ്പറ്റിയും അര മണിക്കൂർ ചർച്ച ചെയ്തു. ഇതാണ് ജനാധിപത്യം. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ കാബിനറ്റ് എത്ര മിനിറ്റ് കൂടിയിട്ടുണ്ട്? രാവിലെ എട്ട് മണിക്കു മുൻപുതന്നെ എല്ലാ ഹിന്ദു മന്ത്രിമാരും ദേവസ്വം നിയമന ഫയലിൽ ഒപ്പിട്ടു. ഏറ്റവും ജൂനിയറായ ജനീഷ് വരെ എന്റെ മുഖത്തുനോക്കി അഭിപ്രായം പറയും, അങ്ങനെ പറയണം. ജനാധിപത്യത്തിന്റെ മനോഹാരിതയാണ്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തർക്കമുണ്ടായെന്ന് അഭിമാനത്തോടെയാണ് ഞാൻ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
