തൃശൂര്‍: കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് ബിജെപിലേക്ക് ചേക്കേറിയ ദേശീയ സമിതി അംഗം പത്മജ വേണുഗോപാല്‍ പാർട്ടി വിടാൻ പോകുന്നുവെന്ന് റിപ്പോർട്ട്. ദേശീയ നേതൃത്വവുമായും സംസ്ഥാന പ്രസിഡൻ്റുമായും നടത്തിയ ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെന്നാണ് സൂചന. അടുത്ത ദിവസം രാജീവ് ചന്ദ്രശേഖരന് രാജിക്കത്ത് കൈമാറിയേക്കും എന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട തീരുമാനം നാളെ ഉണ്ടായേക്കും. അതേസമയം പത്മജ തിരികെ കോൺഗ്രസിലേക്ക് മടങ്ങാനുള്ള സാധ്യതയും തെളിയുന്നുണ്ട്. കോണ്‍ഗ്രസ് നേതൃത്വവുമായി പത്മജ ചര്‍ച്ച നടത്തിയെന്ന സ്ഥിരീകരിക്കാത്ത വിവരവും വരുന്നുണ്ട്ഏറെ പ്രതീക്ഷകളോടെയാണ് കോൺഗ്രസിൽ നിന്നും പത്മജ ബിജെപിയിലേക്ക് എത്തിയത്. ഗവർണർ പദവി, ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ പദവി തുടങ്ങി വല്യ സ്ഥാനമാനങ്ങളും അംഗീകാരങ്ങളും ലഭിക്കുമെന്നും പ്രതീക്ഷിച്ചു. പദവികൾ ആവശ്യപ്പെട്ട് പലതവണ ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയതുമാണ്. എന്നാൽ ആ ചർച്ചകളൊന്നും ഫലം കണ്ടില്ല. പദവികളൊന്നും ലഭിച്ചില്ലെന്ന് മാത്രമല്ല, പാർട്ടിയിൽ നിന്ന് കടുത്ത അവഗണനയും പത്മജിക്ക് നേരിടേണ്ടി വന്നു.
പത്മജയ്‌ക്കൊപ്പം ബിജെപിയിലേക്ക് എത്തിയ ചില പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായാണ് വിവരം. പത്മജ കോൺഗ്രസിലേക്ക് മടങ്ങിയാൽ അനുകൂലികളും ഒപ്പമുണ്ടാകും എന്നാണ് പുറത്തുവരുന്ന സൂചനകൾ. അതേമയം രാജിയുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ഏതുവരെ ഉണ്ടായിട്ടില്ല. കഴിഞ്ഞ ഒക്ടോബര്‍ മാസത്തിൽ സമാനമായ റിപ്പോർട്ടുകൾ വന്നപ്പോള്‍, താൻ ബിജെപി വിടാന്‍ ആലോചിച്ചിട്ടില്ലെന്നും, പാര്‍ട്ടിയുമായി പ്രശ്‌നങ്ങളില്ലെന്നും ആണ് അന്ന് പത്മജ പറഞ്ഞത്. വിഷയത്തിൽ പത്മജയുടെ മറുപടിക്കായി കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.
