ദേശീയപാത – 66 കൊച്ചാലിൽ അണ്ടർപാസ് ആവശ്യപ്പെട്ടുള്ള സമരം 25 ദിവസം പിന്നിട്ടു

വരാപ്പുഴ • ദേശീയപാത – 66 നിർമാണത്തിൻ്റെ ഭാഗമായി കൊച്ചാൽ കവലയിൽ അണ്ടർപാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തുന്ന സമരം 25 ദിവസം പിന്നിട്ടു. 24-ാം ദിവസത്തെ സമരത്തിൻ്റെ ഭാഗമായി നാട്ടുകാരും പ്രദേശത്തെ ജനപ്രതിനിധികളും വിവിധ സ്‌ഥാപനങ്ങളുടെയും സംഘടനകളുടെയും ഭാരവാഹികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഒന്നിച്ചു ജാഥ സംഘടിപ്പിച്ചു. നിലവിൽ വള്ളുവള്ളി ഭാഗത്തു പൊളിച്ചു നടത്തുന്ന ഫ്ലൈഓവർ കൊച്ചാൽ ഭാഗത്തേക്കും നീട്ടണമെന്ന ആവശ്യവും കൗൺസിൽ മുന്നോട്ടുവയ്ക്കുന്നുണ്ട്. സമ്മേളനം എസ്എൻഡിപി യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി ഉദ്ഘാടനം ചെയ്‌തു. ആക്‌ഷൻ കൗൺസിൽ ജനറൽ കൺവീനർ ആൻറണി പടയാട്ടിൽ അധ്യക്ഷനായി. പ്രഫ.കൊടുവഴങ്ങ ബാലകൃഷ്ണൻ, കോട്ടുവള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എച്ച് ജമാൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജെസി ലാലു, ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു ജോർജ്, വാർഡ് അംഗങ്ങളായ നിഹില ഉണ്ണിക്കൃഷ്‌ണൻ, രജിത രാജു, വർഗീസ് തൈപറമ്പിൽ, മൂത്തകുന്നം സമരസമിതി അംഗം ബോണി ആർ.നാഥ്, അജി പോട്ടാശേരി, സുനിൽ ദത്ത്, വർഗീസ് മേനാച്ചേരി, ദേവസിക്കുട്ടി പനയ്ക്കൽ, പി.ടി.കൃഷ്‌ണൻ, വിനോദ്, തമ്പി മേനാച്ചേരി, രാജു മാടവന, ഉണ്ണി വാലത്ത്, വനജ അശോകൻ, ജേസി കാച്ചപ്പിള്ളി, ബിജു പുതുശേരി എന്നിവർ പ്രസംഗിച്ചു. പുതിയ ദേശീയപാത നിർമാണത്തിൻ്റെ ഭാഗമായി ഉയരപ്പാത പണിതതോടെ കൊച്ചാലിലെ കവല ഇല്ലാതാകുകയും യാത്രാക്ലേശം രൂക്ഷമാകുകയും ചെയ്‌തതോടെയാണ്‌ അടിപ്പാത ആവശ്യപ്പെട്ടുള്ള സമരം തുടങ്ങിയത്. ആവശ്യമുന്നയിച്ചു മുഖ്യമന്ത്രിക്കും ദേശീയപാത പ്രോജക്ട‌് ഡയറക്‌ടർക്കും നിവേദനം നൽകി കേന്ദ്ര മന്ത്രിക്കും ഹൈബി ഈഡൻ എംപിക്കും കലക്‌ടർക്കും നിവേദനം നൽകും.

Leave a Reply

Your email address will not be published. Required fields are marked *