വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ദിശാബോധമേകി ഡോം ഖത്തറിന്റെ ‘വാട്ട് നെക്സ്റ്റ്’ കരിയർ ശില്പശാല.

​ദോഹ: പ്രവാസലോകത്തെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉപരിപഠന-തൊഴിൽ മേഖലകളിൽ കൃത്യമായ ദിശാബോധവും മാർഗനിർദേശവും നൽകുക എന്ന ലക്ഷ്യത്തോടെ ഡോം ഖത്തർ സംഘടിപ്പിച്ച ‘വാട്ട് നെക്സ്റ്റ്’ കരിയർ ആൻഡ് അപ്‌സ്‌കില്ലിംഗ് ബോധവൽക്കരണ ശില്പശാല വക്ര നോബിൾ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടന്നു.

മാറിക്കൊണ്ടിരിക്കുന്ന ആഗോള തൊഴിൽ വിപണിയെയും ആധുനിക കരിയർ സാധ്യതകളെയും അടുത്തറിയാൻ പരിപാടി ഏറെ സഹായകരമായി.

​ഡോം ഖത്തർ ചീഫ് അഡ്വൈസറും നാബിൾ സ്കൂൾ ഡയറക്ടർ ബോർഡ് മെമ്പർ കൂടിയായ വി. സി. മഷ്ഹൂദ് പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. അക്കാദമിക മികവിനൊപ്പം ശരിയായ സമയത്ത് നേടുന്ന നൈപുണ്യങ്ങളും കരിയർ പ്ലാനിംഗുമാണ് പുതിയ കാലത്ത് വിദ്യാർത്ഥികളെ മുന്നിലെത്തിക്കുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

ഡോം ഖത്തർ പ്രസിഡന്റ് ഉസ്മാൻ കല്ലൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംഘടനയുടെ സാമൂഹിക-വിദ്യാഭ്യാസ പ്രതിബദ്ധതയുടെ ഭാഗമായാണ് പ്രവാസി കുടുംബങ്ങൾക്ക് ഏറ്റവും ആവശ്യമായ ഇത്തരമൊരു കരിയർ ഗൈഡൻസ് സംരംഭത്തിന് രൂപം നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
​ഡോം ഖത്തർ വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. തുടർന്ന് നടന്ന സെഷനിൽ സിജി ഖത്തർ റിസോഴ്സ് പേഴ്സൺ മുഹമ്മദ് ഫൈസൽ മുഖ്യ പ്രഭാഷണവും കരിയർ പ്രസന്റേഷനും അവതരിപ്പിച്ചു. സ്കൂൾ തലത്തിന് ശേഷമുള്ള വിവിധ കോഴ്സുകൾ, ഭാവി സാധ്യതയുള്ള തൊഴിൽ മേഖലകൾ, അഭിരുചിക്കനുസരിച്ചുള്ള കോഴ്സ് തെരഞ്ഞെടുപ്പ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക മുന്നേറ്റങ്ങൾ കരിയർ മേഖലയിൽ വരുത്തുന്ന മാറ്റങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം ആഴത്തിലുള്ള വിവരങ്ങൾ പങ്കുവെച്ചു.
​തുടർന്ന് നടന്ന വിജ്ഞാനപ്രദമായ പാനൽ ചർച്ചയിൽ വിവിധ പ്രൊഫഷണൽ രംഗങ്ങളിലെ പ്രമുഖരായ അഡ്വക്കറ്റ് ഇസുദ്ദിൻ, പി. ടി ഫിറോസ്, യൂസുഫ് വന്നാറത്ത്, ഫൈസൽ അരിക്കോത്ത് എന്നിവർ പാനലിസ്റ്റുകളായി പങ്കെടുത്ത് വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും സംവദിച്ചു. കൃത്യമായ ലക്ഷ്യബോധത്തോടെ കരിയർ എങ്ങനെ പ്ലാൻ ചെയ്യാം, അഭിരുചികളെ എങ്ങനെ പ്രൊഫഷനാക്കി മാറ്റാം, കരിയർ അപ്‌സ്‌കില്ലിംഗിന്റെ പ്രസക്തി എന്താണ് തുടങ്ങിയ വിഷയങ്ങളിൽ പാനലിസ്റ്റുകൾ സംസാരിക്കുകയും സദസ്സിന്റെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

ഡോം ഖത്തർ സംഘടിപ്പിക്കുന്ന ‘അമൽ’ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കുട്ടികളും രക്ഷിതാക്കളും കുട്ടികളും രഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. എം സി മെമ്പർ സലീന കൂലത്ത് പ്രതിജ്ഞവാചകം ചൊല്ലിക്കൊടുത്തു

ജനറൽ സെക്രട്ടറി ​സിദ്ദിഖ് വാഴക്കാട്, ട്രഷറർ സൗമ്യ പ്രദീപ്, കരിയർ ആൻഡ് അപ്സ്കില്ലിംഗ് വിങ് ചെയർമാൻ ഫിറോസ് പിടി, സലീം റോസ്, ശരത് ചന്ദ്രൻ, രാഹുൽ ശങ്കർ, ഷഹനാസ് ബാബു, വസീം, അബ്ദുൽ റസാഖ്, നിയാസ് കൈപ്പേങ്ങൽ, റസീന ഉമ്മർ, എന്നിവർ മെമന്റോകൾ സമ്മാനിച്ചുകൊണ്ട് പരിപാടിയിൽ പങ്കെടുത്ത വിശിഷ്ട വ്യക്തികളെ ആദരിച്ചു.
തുടർന്ന് ഡോം ഖത്തർ വൈസ് പ്രസിഡന്റ് (കരിയർ & പ്രവാസി വെൽഫെയർ വിഭാഗം) നബ്ഷാ മുജീബ് പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനകരമായ ശില്പശാലയ്ക്ക്
നൗഫൽ കട്ടുപ്പാറ, ഇർഫാൻ പകര, ഡോ. ഷഫീഖ് താപ്പി മമ്പാട്, സുരേഷ് ബാബു പണിക്കർ, അഷ്റഫ് നന്നമുക്ക്, ജുനൈബ, സൂരജ്, നുസൈബ പി. അസീസ്, നൗഫൽ എം.പി. തിരൂർ, ശ്രീഷ്മ, റുഫ്സ ഷമീർ, സഫൂറ ആസിഫ്, ഫാസില മഷൂദ്, റാഹില നൗഫൽ, സാഹിറ ഷമീർ, ഷബ്ന നൗഫൽ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *