ഡൽഹിയിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട പൊലീസ് നടപടികളിൽ കർശന നിർദേശങ്ങളുമായി സുപ്രീം കോടതി. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കസ്റ്റഡിയിലെടുക്കരുതെന്നും അന്യായ തടങ്കൽ പാടില്ലെന്നും കോടതി വ്യക്തമാക്കി. പൊതുജനങ്ങളുടെ സുഗമമായ സഞ്ചാരം തടയരുത്, ബാരിക്കേഡുകൾ നീക്കണം, ഇന്റർനെറ്റ് സേവനങ്ങൾ തടസമില്ലാതെ തുടരണമെന്നും ഇടക്കാല ഉത്തരവിൽ നിർദേശിച്ചതായാണ് റിപ്പോർട്ട്.
കോടതിയലക്ഷ്യ ഹർജിയിൽ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ മറുപടി തേടിയ കോടതി, ഡൽഹി പൊലീസ് കമ്മിഷണറും ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) ചെയർമാനും റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചു. കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുതെന്ന മുൻ ഉത്തരവ് പാലിച്ചിട്ടുണ്ടോ എന്ന് വിശദീകരിക്കണം. മറ്റന്നാൾക്കകം മറുപടി നൽകാനാണ് നിർദേശം. ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
ക്രമസമാധാനം നിലനിർത്തുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റെന്ന വാദം ഉയർന്ന സാഹചര്യത്തിലാണ് കോടതിയുടെ നിരീക്ഷണം. ജീവനും സ്വാതന്ത്ര്യവും ഒരുപോലെ പ്രധാനമാണെന്ന് കോടതി വ്യക്തമാക്കി. പൊലീസിന് ഭരണകൂടത്തിന് മുകളിലായി പ്രത്യേക അധികാരമില്ലെന്ന നിലപാടും കോടതി മുന്നോട്ടുവെച്ചതായാണ് റിപ്പോർട്ട്.
