മലപ്പുറം: എടവണ്ണ ഒതായിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ച ഫാത്തിമയുടെ കുടുംബത്തിന് സർക്കാർ 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇതിൽ 10 ലക്ഷം രൂപ വനംവകുപ്പും 4 ലക്ഷം രൂപ ദുരന്തനിവാരണ സേനയുമാണ് നൽകുക. വനവകുപ്പിൽ നിന്നുള്ള 5 ലക്ഷം രൂപ നാളെത്തന്നെ കുടുംബത്തിന് കൈമാറുമെന്ന് മന്ത്രി പി.കെ ബഷീർ അറിയിച്ചു. പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ ഏറ്റെടുക്കും.
സംഭവസ്ഥലത്ത് പ്രത്യേക പരിശോധനാ ഡ്രൈവ് നടത്തുമെന്നും പ്രദേശത്തേക്ക് സ്ഥിരമായി ആർആർടി (റാപ്പിഡ് റെസ്‌പോൺസ് ടീം) സംഘത്തെ നിയോഗിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ, ഷൂട്ടർമാർക്ക് ആവശ്യമായ തിരകൾ നൽകാൻ നിർദേശം നൽകിയിട്ടുണ്ട്.
