അപകടഭീഷണിയായി നിലംപൊത്താറായ എം.സി.എഫ്; പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി നാട്ടുകാർ

പീരുമേട് : ഏലപ്പാറ തണ്ണിക്കാനം വില്ലേജ് ഓഫീസിന് സമീപം തട്ടപ്പുറത്ത് നിർമ്മിച്ച മാലിന്യ ശേഖരണ കേന്ദ്രം (എം.സി.എഫ്) ഉദ്ഘാടനം ചെയ്യപ്പെടാതെ നശിച്ച് അപകടാവസ്ഥയിൽ. ഹരിതകർമ്മ സേനയുടെ മാലിന്യ ശേഖരണത്തിനായി അഞ്ച് വർഷം മുമ്പ് ഇരുമ്പ് ഫ്രെയിമിൽ നിർമ്മിച്ച ഈ കെട്ടിടം ഇതുവരെയും ജനങ്ങൾക്ക് പ്രയോജനപ്പെട്ടിട്ടില്ല.

ഉദ്ഘാടനമോ തുടർന്നുള്ള പരിപാലനമോനടക്കാത്തതിനെ തുടർന്ന് പൂർണ്ണമായും ഉപയോഗശൂന്യമായ ഈ നിർമ്മിതി ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ചുറ്റും പടർന്നുപന്തലിച്ച വള്ളിച്ചെടികളുടെ ബലത്തിലാണ് നിലവിൽ ഇത് നിലനിൽക്കുന്നത്. ഒരു വശത്തേക്ക് ചരിഞ്ഞു നിൽക്കുന്ന ഈ നിർമ്മിതി കാൽനടയാത്രക്കാർക്കും, പ്രത്യേകിച്ച് സമീപത്തു കൂടി കടന്നുപോകുന്ന വിദ്യാർത്ഥികൾക്കും വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.

ഗ്രാമസഭകളിൽ ഉൾപ്പെടെ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽ ഈ അപകടാവസ്ഥ പലതവണ പെടുത്തിയെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടാകില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. തകർന്നു വീഴാറായ ഈ എം.സി.എഫ് അടിയന്തരമായി പൊളിച്ചു മാറ്റുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *