പീരുമേട് :കോയമ്പത്തൂരിൽ നടന്ന നാഷണൽ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പ് 2026-ൽ മികച്ച നേട്ടവുമായി പി.കെ. പ്രസാദ്. 55 വയസ്സിനു മുകളിലുള്ള വിഭാഗത്തിൽ 1500 മീറ്റർ ഓട്ടത്തിലും 4 × 100 മീറ്റർ റിലേയിലും ഒന്നാം സ്ഥാനം നേടി രണ്ട് സ്വർണമെഡലുകൾ സ്വന്തമാക്കിയ അദ്ദേഹം, 4 × 100 മീറ്റർ മിക്സഡ് റിലേയിൽ മൂന്നാം സ്ഥാനം നേടി വെങ്കലമെഡലും കരസ്ഥമാക്കി.
36 വർഷം ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ ജവാനായി രാജ്യത്തെ സേവിച്ച പി.കെ. പ്രസാദ് വിരമിച്ച ശേഷവും കായികരംഗത്ത് സജീവമാണ്. ദേശീയ, അന്തർദേശീയ തലങ്ങളിലെ മത്സരങ്ങളിൽ മെഡലുകളും അംഗീകാരങ്ങളും നേടി മുന്നേറുന്ന അദ്ദേഹം, പ്രായം കായികമികവിന് തടസ്സമല്ലെന്ന് സ്വന്തം നേട്ടങ്ങളിലൂടെ തെളിയിക്കുകയാണ്.
നിലവിൽ കുട്ടിക്കാനം മരിയൻ കോളജിലെ സെക്യൂരിറ്റി വിഭാഗത്തിൽ പ്രവർത്തിക്കുന്ന പ്രസാദിന്റെ കായികനേട്ടം കായികപ്രേമികൾക്കും യുവതലമുറയ്ക്കും ഒരുപോലെ പ്രചോദനമാണ്.
