മണ്ണാർക്കാട്: കേരള ജേണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.ജെ.യു സ്ഥാപക നേതാവും മുതിർന്ന മാധ്യമപ്രവർത്തകനുമായ ജി. പ്രഭാകരന്റെ സ്മരണ പുതുക്കി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച 3 മണിക്ക് മണ്ണാർക്കാട് പ്രസ് ക്ലബ്ബിൽ നടന്ന പരിപാടിയിൽ മാധ്യമരംഗത്തെ പ്രമുഖരും സംഘടനാ നേതാക്കളും പങ്കെടുത്തു.
മാധ്യമപ്രവർത്തന രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ജി. പ്രഭാകരന്റെ പ്രവർത്തനങ്ങളും സംഘടനാ രംഗത്തെ ഇടപെടലുകളും സമ്മേളനം അനുസ്മരിച്ചു. പ്രാദേശിക മാധ്യമപ്രവർത്തകരുടെ അവകാശസംരക്ഷണത്തിനും തൊഴിൽപരമായ ഐക്യത്തിനും വേണ്ടി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ പുതുതലമുറയിലെ മാധ്യമപ്രവർത്തകർക്ക് പ്രചോദനമാണെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു. സാഹിത്യകാരൻ കെ.പി.എസ് പയ്യനെടം അനുസ്മരണ പ്രഭാഷണം നടത്തി.
കേരള ജേണലിസ്റ്റ്സ് യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് ജോസി തുമ്പാനത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ സി.എം ഷബീറലി, പാലക്കാട് ജില്ലാ പ്രസിഡൻ്റ് കൃഷണദാസ് കൃപ, കെ.ജെ.യു നേതാക്കളായ ശിവശങ്കര പിള്ള, രാജേഷ് മണ്ണാർക്കാട്, സി.കെ. ഗഫൂർ, നൗഷാദ് തങ്കയത്തിൽ എന്നിവർ പ്രസംഗിച്ചു.
ദ ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ എന്നീ പ്രമുഖ പത്രങ്ങളുടെ മുൻ എഡിറ്ററായ ജി. പ്രഭാകരൻ അദ്ദേഹത്തിന്റെ മാധ്യമപ്രവർത്തന അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കുന്നതിനുള്ള വേദിയായി അനുസ്മരണ യോഗം മാറി.
