പീരുമേട് : ഏലപ്പാറ, ഉപ്പുതറ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൊച്ചുകരിന്തിരി – ഏലപ്പാറ – ഉപ്പുതറ റോഡിലെ പ്രധാന പാലം ഏതു നിമിഷവും തകരാവുന്ന നിലയിൽ. ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ചതും ജനങ്ങൾക്കിടയിൽ ‘അപകടപ്പാലം’ എന്നറിയപ്പെടുന്നതുമായ ഈ പാലത്തിന്റെ സംരക്ഷണഭിത്തിയാണ് മുൻപുണ്ടായ പ്രളയങ്ങളിൽ തകർന്നുപോയത്. അധികാരികൾ അടിയന്തരമായി ഇടപെട്ട് പാലം പുനരുദ്ധരിച്ചില്ലെങ്കിൽ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിലയ്ക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
കഴിഞ്ഞ 2019-ലും 2021-ലും ഉണ്ടായ പ്രളയങ്ങളിൽ പാലത്തിന്റെ സംരക്ഷണഭിത്തിക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. തുടർന്ന് രണ്ടുതവണ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ശാശ്വതമായ നിർമ്മാണം നടക്കാത്തതിനാൽ വീണ്ടും പാർശ്വഭിത്തികൾ ഇടിഞ്ഞുതാഴുകയായിരുന്നു. മുൻപ് പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പാലത്തിന്റെ പാർശ്വഭിത്തികൾ പൂർണ്ണമായി ഇടിഞ്ഞുപോയതോടെ ഇതുവഴി യാത്ര ചെയ്യുന്നവരും വിദ്യാർത്ഥികളും കടുത്ത ഭീതിയിലാണ്.
വരുന്ന മഴക്കാലത്തിന് മുൻപായി സംരക്ഷണഭിത്തി നിർമ്മിച്ച് പാലം ബലപ്പെടുത്തിയില്ലെങ്കിൽ വലിയ തോതിലുള്ള അപകടങ്ങൾ ഉണ്ടായേക്കാം. പാലം പൂർണ്ണമായി തകർന്നാൽ പതിനായിരക്കണക്കിന് നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും യാത്രാസൗകര്യമാണ് ഇല്ലാതാകുന്നത്. സംരക്ഷണഭിത്തി നിർമ്മിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
