മാസപ്പടി അഴിമതി ആരോപണങ്ങളിൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഇഡി കൈമാറിയ ഡയറിക്കുറിപ്പ് വെച്ച് അഴിമതിക്ക് കേസ് എടുക്കാനാകില്ലെന്നും പ്രഥമിക പരിശോധനയക്ക് ശേഷം കേസ് എടുക്കുമെന്നും സർക്കാർ ഹൈക്കോടതിയിൽ. ഇഡി കത്തിൽ കേസ് വൈകുന്നതിനെതിരായ ഹർജിയിലാണ് സര്ക്കാര് നിലപാട് ആവർത്തിച്ചത്. മൊഴികളടക്കം കേസ് എടുക്കാനുള്ള വിവരങ്ങൾ ഇഡി കൈമാറിയിട്ടുണ്ടല്ലോ എന്ന് ഹൈക്കോടതിയും ചോദിച്ചു. പ്രാഥമിക പരിശോധന നടത്തിയിട്ടാണ് തെളിവ് നൽകിയതെന്നും വീണ്ടും പരിശോധന നടത്തുന്നത് എന്തിനെന്നുമായിരുന്നു ഇഡിയുടെ ചോദ്യം.
മാസപ്പടി ഇടപാടിലെ അന്വേഷണത്തിനിടയിൽ കണ്ടെത്തിയ അഴിമതിയുടെ വിവരങ്ങൾ മുദ്രവെച്ച കവറിൽ കോടതിയിൽ ഹാജരാക്കിയാണ് കേസ് വേണമെന്ന് ഇഡി ആവശ്യപ്പെട്ടത്. പ്രാഥമിക പരിശോധന നടത്തിയാണ് തങ്ങൾ തെളിവ് കൈമാറിയതെന്നും അതിന് മേൽ വീണ്ടും പ്രാഥമിക പരിശോധന എന്തിനെന്നും ചോദിച്ചു. എന്നാൽ ഇഡി കൈമാറിയത് ചില ഡയറി കുറിപ്പാണെന്നും അത് വെച്ച് കേസ് എടുക്കാനാകില്ലെന്നും അഡ്വക്കേറ്റ് ജനറൽ പറഞ്ഞു. ഡയറിവെച്ച് എഫ്ഐആർ ഇടാനാകില്ലെന്ന് സമ്മതിച്ച കോടതി, മൊഴിയും തെളിവായി ഹാജരാക്കിയിട്ടുണ്ടല്ലോ എന്ന് എജിയോട് ചോദിച്ചു. എന്നാൽ മൊഴികൾ തങ്ങൾക്ക് ലഭ്യമാക്കിയില്ലെന്നായിരുന്നു മറുപടി. കേസ് എടുക്കാനുള്ള വിവരങ്ങൾ കത്തിലുണ്ടെന്നും സർക്കാർ ആവശ്യപ്പെട്ടാൽ മൊഴികളെല്ലാം നൽകാമെന്ന് ഇഡിയും നിലപാടറിയിച്ചു.
ഇഡി നൽകിയ കത്തിൽ വ്യക്തതയില്ലെങ്കിൽ പ്രാഥമിക പരിശോധന നടത്തുന്നതിന് തടസ്സമില്ലല്ലോ എന്ന് കോടതി പറഞ്ഞു. കത്ത് നൽകിയിട്ട് 20 ദിവസമായെന്നും പ്രാഥമിക അന്വേഷേണം നടത്താനുള്ള സമയപരിധിപോലും പിന്നിട്ടെന്നും ഇഡി അറിയിച്ചു. എഫ്ഐആർ നിർബന്ധമാണെങ്കിലും ഓരോ കേസിന്റെയും വസ്തുതകൾ പ്രത്യേകം പരിശോധിക്കണ്ടിവരുമെന്നും പ്രാഥമിക അന്വേഷണം തുടരേണ്ടതുണ്ടോ അതോ എഫ്ഐആർ വേണമോ എന്നതിൽ ഉടൻ തീരുമാനമെടുക്കാമെന്നും ജസ്റ്റിസ് എ ബദറുദ്ദീൻ വ്യക്തമാക്കി.
