ഗുണനിലവാരമില്ലാത്ത പാൽ സംഭരിച്ചതിലൂടെ മിൽമയ്ക്ക് കോടികളുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് പ്രധാന കണ്ടെത്തൽ
കോഴിക്കോട്: മിൽമ മലബാർ മേഖലാ യൂണിയനിൽ ഉയർന്ന ഗുരുതര അഴിമതി ആരോപണങ്ങളും ക്രമക്കേടുകളും അന്വേഷിക്കാൻ സർക്കാർ മൂന്നംഗ അന്വേഷണ സംഘത്തെ നിയോഗിച്ചു. മിൽമ ജോയിന്റ് ഡയറക്ടർ ജയസൂജീഷ്, ഡെപ്യൂട്ടി ഡയറക്ടർ സജിനി, അസിസ്റ്റന്റ് ഡയറക്ടർ സ്മിത എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.
ഗുണനിലവാരമില്ലാത്ത പാൽ സംഭരിച്ചതിലൂടെ മിൽമയ്ക്ക് കോടികളുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് പ്രധാന കണ്ടെത്തൽ. കാസർകോട് മിൽമയിലാണ് പ്രധാനമായും ഇത്തരം ക്രമക്കേടുകൾ നടന്നത്. ഇതിനുപുറമെ മുൻവർഷങ്ങളിൽ കൃത്യമായ ഓഡിറ്റിംഗ് നടത്തുന്നതിൽ വരുത്തിയ വീഴ്ചകളും നിയമവിരുദ്ധ ഇടപാടുകളും അന്വേഷണ പരിധിയിൽ വരും.
അഴിമതി ആരോപണങ്ങളെ തുടർന്ന് മിൽമ മലബാർ മേഖലാ യൂണിയൻ ഭരണസമിതിയെ സർക്കാർ നേരത്തെ പിരിച്ചുവിട്ടിരുന്നു. മൂന്നംഗ സംഘം സമർപ്പിക്കുന്ന അന്വേഷണ റിപ്പോർട്ടിൽ അഴിമതിയും വ്യാപക ക്രമക്കേടുകളും സ്ഥിരീകരിച്ചാൽ തുടരന്വേഷണം വിജിലൻസിന് കൈമാറാനാണ് സർക്കാരിന്റെ തീരുമാനം.
