കാരുണ്യമാണ് ജീവിതത്തെ സന്തോഷകരവും മനോഹരവുമാക്കുന്നത്.

ദോഹ: കാരുണ്യം പണത്തിന്റെ അളവിനനുസരിച്ച് അളക്കേണ്ടതല്ലെന്നും ചെറുതോ വലുതോ ആയ ഓരോ നന്മയ്ക്കും മറ്റൊരാളുടെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നും അന്താരാഷ്ട്ര ചാരിറ്റി ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ്, അഡ്രസ് ഗേറ്റ്വേ ബിസിനസ് സര്‍വീസസുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

സാമ്പത്തിക സഹായം മാത്രമല്ല കാരുണ്യമെന്നും ഒരാള്‍ക്ക് നല്‍കുന്ന ഒരു കൈത്താങ്ങും ആശ്വാസവാക്കും അറിവും സമയവും അവസരവുമെല്ലാം വിലപ്പെട്ട സഹായങ്ങളാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. മറ്റൊരാളുടെ പ്രയാസം മനസ്സിലാക്കി കഴിയുന്ന രീതിയില്‍ പിന്തുണ നല്‍കുന്നത് സമൂഹത്തില്‍ കരുതലിന്റെയും സഹാനുഭൂതിയുടെയും സംസ്‌കാരം വളര്‍ത്താന്‍ സഹായിക്കും.

കെ.ബി.എഫ് പ്രസിഡന്റ് ഷഹീന്‍ മുഹമ്മദ് ഷാഫി പരിപാടി ഉദ്ഘാടനം ചെയ്തു. കൂടുതല്‍ കരുതലും സാമൂഹിക ഉത്തരവാദിത്തവുമുള്ള സമൂഹം കെട്ടിപ്പടുക്കുന്നതിന് വ്യക്തികളുടെ ഇടപെടലുകള്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കാരുണ്യം പ്രത്യേക അവസരങ്ങളില്‍ മാത്രം ഒതുങ്ങാതെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഫ്.സി.സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്‌മാന്‍ കിഴിശ്ശേരി മുഖ്യപ്രഭാഷണം നടത്തി. കാരുണ്യത്തിന്റെ വിശാലമായ അര്‍ഥവും സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ അതിനുള്ള പങ്കും അദ്ദേഹം വിശദീകരിച്ചു. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അവരോടൊപ്പം നില്‍ക്കാനുള്ള മനസ്സാണ് യഥാര്‍ഥ കാരുണ്യത്തിന്റെ അടിസ്ഥാനം. നല്‍കുന്നത് ഒരു സഹായം മാത്രമല്ല, മനുഷ്യബന്ധങ്ങളെ കൂടുതല്‍ ശക്തമാക്കുന്ന സാമൂഹിക ഇടപെടല്‍ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

ലോക കേരളസഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍, ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ്, യുണീഖ് അഡൈ്വസറി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ മിനി ബെന്നി, ട്രെയിനറും സംരംഭകനുമായ രാജേഷ് ആലൂര്‍, ജി.ആര്‍.സി.സി പ്രസിഡന്റ് റോഷ്‌നി കൃഷ്ണന്‍, മന്‍സൂര്‍ മണ്ണാര്‍ക്കാട് എന്നിവര്‍ സംസാരിച്ചു.

സാമൂഹിക പ്രവര്‍ത്തകരായ ജാഫര്‍ ജാതിയേരി, കോയ കൊണ്ടോട്ടി, ഹഫീസുള്ള കെ.വി., ജി.പി. കുഞ്ഞബ്ദുള്ള ചാലപ്പുറം, സഫ് വാന്‍, ടി.എം. കബീര്‍, റാഫി പറക്കാട്ടില്‍ എന്നിവരും പരിപാടിയില്‍ സംസാരിച്ചു.

സാമ്പത്തിക സഹായത്തിനപ്പുറം നിരവധി രൂപങ്ങളില്‍ കാരുണ്യം പ്രകടിപ്പിക്കാനാകുമെന്ന് പ്രഭാഷകര്‍ ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുക, ഒരാളുടെ വിദ്യാഭ്യാസത്തിന് പിന്തുണ നല്‍കുക, പ്രായമായവരെ സഹായിക്കുക, സ്വന്തം തൊഴില്‍പരമായ അറിവും വൈദഗ്ധ്യവും മറ്റുള്ളവരുമായി പങ്കുവെക്കുക, സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, പ്രയാസമനുഭവിക്കുന്ന ഒരാള്‍ക്ക് മാനസിക പിന്തുണ നല്‍കുക തുടങ്ങിയവയെല്ലാം സമൂഹത്തിന് നല്‍കാവുന്ന വിലപ്പെട്ട സംഭാവനകളാണ്.

ഒരു ചെറിയ നന്മയ്ക്ക് പോലും പ്രതീക്ഷ നല്‍കാനും ആത്മവിശ്വാസം പകരാനും ഒരാളുടെ ജീവിതത്തിലെ നിര്‍ണായക ഘട്ടത്തില്‍ വഴിത്തിരിവാകാനും കഴിയുമെന്ന് അവര്‍ പറഞ്ഞു. ഒരാള്‍ക്ക് ലഭിക്കുന്ന കരുതല്‍ പിന്നീട് മറ്റൊരാളിലേക്ക് പകരുമ്പോള്‍ അത് സമൂഹത്തില്‍ നന്മയുടെ ഒരു ശൃംഖല സൃഷ്ടിക്കും.

കാരുണ്യം സഹായം സ്വീകരിക്കുന്ന വ്യക്തിയുടെ ജീവിതത്തെ മാത്രമല്ല, സഹായിക്കുന്ന വ്യക്തിയുടെ ജീവിതത്തെയും സമ്പന്നമാക്കുന്നു. മറ്റുള്ളവരുടെ ജീവിതത്തില്‍ സന്തോഷവും പ്രതീക്ഷയും സൃഷ്ടിക്കുന്നതിലൂടെ കൂടുതല്‍ സംതൃപ്തിയും ജീവിതത്തിന് അര്‍ഥവും കണ്ടെത്താന്‍ കഴിയുമെന്ന് പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു.
മതര്‍ തെരേസയുടെ ഓര്‍മദിനമായ സപ്തംബര്‍ 5 ആണ് ഐക്യരാഷ്ട്ര സഭയുടെ അഭിമുഖ്യത്തില്‍ ഇന്റര്‍നാഷണല്‍ ചാരിറ്റി ദിനമായി ആഘോഷിക്കുന്നത്.
മീഡിയ പ്ലസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.

Leave a Reply

Your email address will not be published. Required fields are marked *