150 വർഷത്തോളം പഴക്കമുള്ള പള്ളി ബുൾഡോസർ ഉപയോഗിച്ച്‌ പൊളിച്ചുനീക്കി

ഉത്തർപ്രദേശിലെ സഹാറൻപുരിൽ അനധികൃതമായി നിർമിച്ചതെന്ന് ആരോപിച്ച്‌ 150 വർഷത്തോളം പഴക്കമുള്ള പള്ളി ബുൾഡോസർ ഉപയോഗിച്ച്‌ പൊളിച്ചുനീക്കി.കനത്ത പൊലിസ് സന്നാഹത്തോടെ ഇന്നലെ പുലർച്ചെയാണ് പള്ളി തകർത്തത്. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്ന ജില്ലാ ഭരണകൂടത്തിന്റെ ആരോപണം അംഗീകരിച്ച്‌ ജില്ലാ കോടതി അപ്പീൽ തള്ളിയതിനു പിന്നാലെയാണ് നടപടി.
ജൂലൈയിൽ അനധികൃത കൈയേറ്റം ആണെന്ന് പ്രഖ്യാപിച്ച്‌ ഭരണകൂടം പള്ളി ഒഴിപ്പിക്കാൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരായ പള്ളി കമ്മിറ്റിയുടെ അപ്പീൽ വെള്ളിയാഴ്ചയാണ് ജില്ലാ കോടതി തള്ളിയത്. പിറ്റേന്ന് പുലർച്ചെയാണ് പള്ളിക്ക് നേരെ ബുൾഡോസറുകളെത്തിയത്. ബജ്റംഗ്ദൾ പ്രവിശ്യാ കോഡിനേറ്റർ വികാസ് ത്യാഗി നൽകിയ പരാതിയാണ് കേസിനാധാരം. മുൻകരുതലിന്റെ ഭാഗമായി യു.പിയിലെ പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി (പി.എ.സി) ഉദ്യോഗസ്ഥരെ വിന്യസിക്കുകയും കലക്ടറേറ്റ് സമുച്ചയത്തിന്റെ എല്ലാ കവാടങ്ങളും അടയ്ക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയോടെ പള്ളി അടച്ചുപൂട്ടുകയും ചെയ്തു.
പള്ളി ഏകദേശം 150 വർഷം പഴക്കമുള്ളതാണെന്ന് മുതവല്ലി തൻവീർ അഹമ്മദ് പറഞ്ഞു. 1911 മുതലുള്ള രേഖകൾ പള്ളിയുടെ നിലനിൽപ്പ് തെളിയിക്കുന്നതായും പള്ളി കമ്മിറ്റി അറിയിച്ചിട്ടുണ്ട്. പള്ളി പൊളിക്കുന്നതിന് മുന്നോടിയായി സമാജ് വാദി പാർട്ടി കെയ്റാന ലോക്സഭാംഗം ഇഖ്റ ഹസനെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു. ജില്ലാ കോടതിയുടെ ഉത്തരവിനെതിരേ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ അവസരമുണ്ടായിരിക്കെ ഭരണകൂടം തിടുക്കത്തിൽ പള്ളി പൊളിച്ചത് വലിയ വിവാദത്തിനും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ അനധികൃതമെന്ന് ആരോപിച്ച്‌ മുസ്ലിംകളുടെ മതസ്ഥാപനങ്ങൾക്കെതിരെ ഭരണകൂട നടപടികൾ തുടരുന്നതിനിടെയാണ് സഹാറൻപൂരിലെ പള്ളി പൊളിച്ചത്. ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സമാജ് വാദി പാർട്ടി എം.പി ഇമ്രാൻ മസൂദ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *