ക്രൈസ്തവ സംഘടനകൾ വീടുകളിലെ പ്രാർഥനകളും സന്ദർശനങ്ങളും നിർത്തിവച്ചു.

പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളിൽ ക്രൈസ്തവ സംഘടനകൾ വീടുകളിലെ പ്രാർഥനകളും സന്ദർശനങ്ങളും നിർത്തിവച്ചു. പ്രാർഥനാ യോഗങ്ങൾക്ക് നേരെയുണ്ടായ തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ഒരാഴ്ച മുൻപ് ഹൗറയിലെ ഉലുബെറിയയിൽ നടന്ന ആക്രമണത്തിൽ പാസ്റ്ററെയും പ്രാർഥനയിൽ പങ്കെടുത്തവരെയും പൊലീസ് രക്ഷപ്പെടുത്തേണ്ടിവന്നിരുന്നു.
പൂർബ ബർധമാനിൽ സംസ്കാരച്ചടങ്ങ് തടസ്സപ്പെടുത്തിയതായും ദക്ഷിണ 24 പർഗാനസിലെ സുഭാഷ്ഗ്രാമിൽ ജൂലൈ അഞ്ചിന് നിർമാണത്തിലിരുന്ന പള്ളി നശിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഉലുബെറിയയിലെ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഓഗസ്റ്റ് 23ന് ഞായറാഴ്ച പ്രാർഥന നടക്കുന്നതിനിടെ ഒരു സംഘം വീട്ടിലേക്ക് കടന്നുകയറുകയും ‘നിർബന്ധിത മതപരിവർത്തനം’ ആരോപിച്ച് പ്രാർഥനയിൽ പങ്കെടുത്തവരെ മർദിക്കുകയും വീടിന്റെ വസ്തുക്കൾ നശിപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം.
“എല്ലാ ഞായറാഴ്ചയും ചെയ്യുന്നതുപോലെ പ്രാർഥനാ യോഗത്തിനായി ഞങ്ങൾ ഒരു വീട് വാടകയ്ക്ക് എടുത്തിരുന്നു. പുരുഷന്മാരും സ്ത്രീകളുമടക്കം ഏകദേശം 60 പേർ അവിടെയുണ്ടായിരുന്നു. രാവിലെ 11 മണിയോടെയാണ് പ്രാർഥന ആരംഭിച്ചത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെ മുദ്രാവാക്യം വിളിച്ചുകൊണ്ട് ഒരു സംഘം അകത്തേക്ക് കടന്നുവന്നു,” പാസ്റ്റർ മിഥുൻ ഹസ്റ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
“അവർ എന്നെയും മറ്റുള്ളവരെയും ആക്രമിച്ചു. വീടിനുള്ളിലെ ശബ്ദസംവിധാനം, വേദി, മേശകൾ, കസേരകൾ, ഫാനുകൾ എന്നിവ നശിപ്പിച്ചു. പുരുഷന്മാരെയും സ്ത്രീകളെയും മർദിച്ചു,” അദ്ദേഹം പറഞ്ഞു.
പൊലീസ് എത്തി തങ്ങളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചതായി പാസ്റ്റർ പറഞ്ഞു. “ചികിത്സയ്ക്ക് ശേഷം ഞങ്ങൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. അന്നുമുതൽ ആ പ്രദേശത്ത് വീടുകളിൽ പ്രാർഥന നടത്തിയിട്ടില്ല,” അദ്ദേഹം പറഞ്ഞു.
പരാതി ലഭിച്ചതായി ഹൗറ റൂറൽ പൊലീസ് സൂപ്രണ്ട് അമിത് വർമ സ്ഥിരീകരിച്ചു. “എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണ്,” അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *