ഭാ​ഗ്യത്തിനെ പരീക്ഷണ വിധേയമാക്കാൻ ധന വകുപ്പ്

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഘടനയില്‍ നിർണായകമായ പരിഷ്കാരങ്ങള്‍ക്ക് ഒരുങ്ങി ധനവകുപ്പ്. ടിക്കറ്റ് നിരക്കില്‍ വർധനവില്ലാതെ തന്നെ സമ്മാനങ്ങളുടെ എണ്ണവും തുകയും ഉയർത്താനും, ലോട്ടറി ഏജന്റുമാർക്കും തൊഴിലാളികള്‍ക്കും ലഭിക്കുന്ന കമ്മിഷൻ തുക വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് സർക്കാരിന്റെ നിർണായക അഴിച്ചുപണി.ലോട്ടറി ഏജന്റുകളുടെ സംഘടനകളും തൊഴിലാളികളും നിരന്തരമായി ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിച്ചാണ് നടപടി. ഇതുമായി ബന്ധപ്പെട്ട സമഗ്രമായ രൂപരേഖ രണ്ടുമാസത്തിനകം പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകള്‍.
ലോട്ടറിയുടെ ജി.എസ്.ടി നിരക്ക് കേന്ദ്ര സർക്കാർ മുൻപ് ഉയർത്തിയതാണ് ഏജന്റുമാരുടെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചത്. ലോട്ടറിയുടെ ജി.എസ്.ടി 28 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി ഉയർന്നതോടെ ഏജന്റുമാരുടെ കമ്മിഷൻ തുക 12 ശതമാനത്തില്‍ നിന്ന് 10 രൂപയായി കുത്തനെ കുറഞ്ഞിരുന്നു. ഇതിനുപുറമേ, പ്രധാന ഏജന്റുമാരില്‍ നിന്ന് ടിക്കറ്റുകള്‍ വാങ്ങി തെരുവുകളില്‍ വില്‍ക്കുന്ന സാധാരണ തൊഴിലാളികള്‍ക്ക് ഒരു ടിക്കറ്റില്‍ ലഭിക്കുന്ന വിഹിതം വെറും ആറു രൂപയായി താഴ്ന്നു. ഇതോടെ വലിയ പ്രതിസന്ധിയിലായ തൊഴിലാളികള്‍ കമ്മിഷൻ നിരക്കുകളില്‍ അടിയന്തര മാറ്റം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *