പച്ചക്കറികൾ കൊണ്ട് കൂറ്റൻ പൂക്കളമൊരുക്കി വിദ്യാർത്ഥികൾ
കോഴിക്കോട്: പാരമ്പര്യവും സാമൂഹിക പ്രതിബദ്ധതയും കൈകോർത്ത വേറിട്ട ഓണാഘോഷത്തിന് വേദിയായി കോഴിക്കോട് ദി വൈറ്റ് സ്കൂൾ ഇന്റർനാഷണൽ. ആഘോഷങ്ങൾക്കൊപ്പം സഹജീവി സ്നേഹത്തിന്റെ വലിപ്പം കൂടിയ ഓർമ്മപ്പെടുത്തിക്കൊണ്ട് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഇത്തവണത്തെ ഓണാഘോഷം അവിസ്മരണീയമാക്കി.
സ്കൂളിലെ ടെന്നിസ് കോർട്ടിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഒരുക്കിയ 10 മീറ്റർ വ്യാസമുള്ള ‘പച്ചക്കറി പൂക്കളം’ ആയിരുന്നു ആഘോഷങ്ങളിലെ പ്രധാന ആകർഷണം. പൂക്കൾക്ക് പകരം വിവിധ നിറങ്ങളിലും ആകൃതിയിലുമുള്ള പച്ചക്കറികൾ മാത്രമാണ് ഇതിനായി ഉപയോഗിച്ചത്. തുടക്കകാലം മുതൽ തന്നെ പൂക്കൾക്ക് പകരം പച്ചക്കറികൾ കൊണ്ട് കളമൊരുക്കുന്ന മാതൃകാപരമായ രീതിയാണ് ദി വൈറ്റ് സ്കൂൾ പിന്തുടർന്നു വരുന്നത്.
വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് കൊണ്ടുവന്ന പച്ചക്കറികൾ ഉപയോഗിച്ചാണ് ഈ മെഗാ പൂക്കളം തയ്യാറാക്കിയത്. ഭക്ഷ്യവസ്തുക്കൾ പാഴാക്കാതെ അർഹരായ ആവശ്യക്കാരിലേക്ക് എത്തിക്കുക എന്ന വലിയ ആശയമാണ് ഇതിന് പിന്നിലുള്ളത്. പൂക്കളമൊരുക്കിയ ശേഷം ഈ പച്ചക്കറികൾ സ്കൂളിലെ സപ്പോർട്ട് സ്റ്റാഫ് അംഗങ്ങൾക്കും പ്രദേശത്തെ നിർധനരായ കുടുംബങ്ങൾക്കും വിതരണം ചെയ്യും.
കേവലം പഠനത്തിനപ്പുറം മാനവിക മൂല്യങ്ങളും സാമൂഹിക ഉത്തരവാദിത്തവും കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വേറിട്ട ആഘോഷം സംഘടിപ്പിച്ചതെന്ന് ഹൈലൈറ്റ് എഡ്യൂക്കേഷണൽ ഇനിഷ്യേറ്റീവ്സ് ഡയറക്ടറും ഹെഡ് ഓഫ് സ്കൂൾസുമായ ഡോ. പത്മ ഹരിഹരൻ വ്യക്തമാക്കി.
ആഘോഷങ്ങളുടെ ഭാഗമായി തിരുവാതിരകളി, ഓണപ്പാട്ടുകൾ, നൃത്തപരിപാടികൾ, വിഭവസമൃദ്ധമായ ഓണസദ്യ തുടങ്ങിയ വിവിധ കലാ-സാംസ്കാരിക പരിപാടികളും സ്കൂളിൽ അരങ്ങേറി.
