ഡല്‍ഹി: ഭ്രൂണ ലിംഗനിര്‍ണ്ണയ നിരോധന നിയമ പ്രകാരമുള്ള കുറ്റകൃത്യങ്ങളില്‍ പോലീസിന് നേരിട്ട് കേസെടുത്ത് അന്വേഷണം നടത്താനാകില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസ് സഞ്ജയ് കരോള്‍, ജസ്റ്റിസ് എന്‍.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ണ്ണായക വിധി പ്രസ്താവിച്ചത്.
വൈദ്യശാസ്ത്രപരവും സാങ്കേതികവുമായ വിവരങ്ങള്‍ ആവശ്യമായ വിഷയമായതിനാല്‍ പോലീസിനെ പ്രധാന അന്വേഷണ ഏജന്സിയാക്കുന്നത് ഒഴിവാക്കണമെന്ന് കോടതി വ്യക്തമാക്കി. നിയമപ്രകാരം ചുമതലപ്പെടുത്തിയിട്ടുള്ള ‘അപ്രോപ്രിയേറ്റ് അതോറിറ്റി’ ആവശ്യപ്പെടുന്നപക്ഷം പോലീസിന് സഹായം നല്കുന്ന അനുബന്ധ ചുമതലകള്‍ മാത്രമേ വഹിക്കാനാകൂ.
അലഹബാദ് ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് ശരിവെച്ച സുപ്രീം കോടതി, പോലീസിന് നേരിട്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാവില്ലെന്ന് നിരീക്ഷിച്ചു.എന്നാല്‍ ഭാരതീയ ന്യായ സംഹിതയോ മറ്റ് ക്രിമിനല്‍ നിയമങ്ങളോ പ്രകാരമുള്ള സ്വതന്ത്രമായ കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും അന്വേഷിക്കുന്നതിനും പോലീസിന് ഈ ഉത്തരവ് തടസ്സമാകില്ലെന്നും കോടതി വ്യക്തമാക്കി. ഹര്‍ജിയിലെ വിശദമായ വിധി പകര്‍പ്പ് പിന്നീട് പ്രസിദ്ധീകരിക്കുമെന്നും കോടതി അറിയിച്ചു
