വ്യാജപ്രചരണങ്ങൾക്കെതിരെ പീരുമേട് താലൂക്കാശുപത്രി ജീവനക്കാരുടെ പ്രതിഷേധം

പീരുമേട്: കടുത്ത ജീവനക്കാരുടെ ക്ഷാമവും പരിമിതികളും നിലനിൽക്കുമ്പോഴും ജനങ്ങൾക്ക് പൂർണ്ണസേവനം ഉറപ്പാക്കാൻ കഠിനമായി പ്രയത്നിക്കുന്ന ആശുപത്രി അധികൃതർക്കും ജീവനക്കാർക്കുമെതിരെ ഉയരുന്ന വ്യാജപ്രചരണങ്ങൾക്കെതിരെ പീരുമേട് താലൂക്കാശുപത്രി സ്റ്റാഫ് കൗൺസിൽ രംഗത്ത്. അടിസ്ഥാനരഹിതമായ ഇത്തരം ആരോപണങ്ങൾ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നതായി ജീവനക്കാർ കുറ്റപ്പെടുത്തി.
നിലവിൽ ആശുപത്രിയിലെ എല്ലാ ഡിപ്പാർട്ട്‌മെന്റുകളിലും വേണ്ടത്ര ജീവനക്കാരില്ലാത്ത കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. എന്നിരുന്നാലും ഒപി, ഐപി, കാഷ്വാലിറ്റി സേവനങ്ങൾ, നിരവധി സർജറികൾ, പ്രസവങ്ങൾ, ഓഫീസ് ജോലികൾ, ഇൻഷുറൻസ് കൗണ്ടർ സേവനങ്ങൾ, ജനന-മരണ രജിസ്ട്രേഷൻ എന്നിവയെല്ലാം തടസ്സമില്ലാതെ നടന്നുപോരുന്നുണ്ട്. സൂപ്രണ്ടിന്റെ കൃത്യമായ നിർദ്ദേശപ്രകാരം അധിക ജോലിഭാരം ഏറ്റെടുത്ത്, എല്ലാ വിഭാഗം ജീവനക്കാരും ഒത്തൊരുമയോടെ പ്രവർത്തിക്കുന്നത് കൊണ്ടാണ് ഈ സേവനങ്ങൾ മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നത്.
ഇത്തരത്തിൽ ആത്മാർത്ഥമായി ജോലി ചെയ്തുവരുന്ന ജീവനക്കാരുടെ മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കാനും അവരുടെ മനോവീര്യം തകർക്കാനും മാത്രമേ ചില രാഷ്ട്രീയ ഇടപെടലുകളും വസ്തുതകൾക്ക് നിരക്കാത്ത വ്യാജപ്രചരണങ്ങളും ഉപകരിക്കൂ എന്ന് സ്റ്റാഫ് കൗൺസിൽ ചൂണ്ടിക്കാട്ടി. ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തെ തകർക്കുന്ന ഇത്തരം നീക്കങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *