ഐ ഓ സി സംഘടിപ്പിച്ച മെമ്പർഷിപ്പ് ക്യാമ്പയിനും ‘മധുരം മലയാളം’ ആദരവും ശ്രദ്ധേയമായി
റോമി കുര്യാക്കോസ്
പീറ്റർബൊറോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു.കെ) – കേരള ചാപ്റ്റർ പീറ്റർബൊറോ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനവും ‘മധുരം മലയാളം’ പദ്ധതിയുടെ ഭാഗമായുള്ള ആദരവ് സമ്മേളനവും ശ്രദ്ധേയമായി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകളും സാമൂഹിക പ്രവർത്തകയുമായ ഡോ. മറിയ ഉമ്മൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഐ ഒ സി (യു കെ) കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ജോയിന്റ് ട്രഷറർ മണികണ്ഠൻ ഐക്കാട് തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുത്തു.
പീറ്റർബൊറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സൈമൺ ചെറിയൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി സിബി അറക്കൽ നന്ദിയും അർപ്പിച്ചു. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പീറ്റർബൊറോ യൂണിറ്റിന്റെ വൈസ് പ്രസിഡന്റ് ജിജി ഡെന്നി ഡോ. മറിയ ഉമ്മനെ പൊന്നാട അണിയിച്ച് ആദരിച്ചു. യൂണിറ്റ് ഭാരവാഹികളും പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടി ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി.
മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി പുതുതായി സംഘടനയിൽ ചേർന്ന അംഗങ്ങൾക്ക് ഡോ. മറിയ ഉമ്മൻ മെമ്പർഷിപ്പ് ഫോമുകൾ വിതരണം ചെയ്തു. പൊതുപ്രവർത്തനത്തിലും സാമൂഹിക സേവന രംഗത്തും പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അവർ ചൂണ്ടിക്കാട്ടി.
ചടങ്ങിൽ പീറ്റർബൊറോ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് മലയാള ഭാഷ പഠിപ്പിക്കുന്ന ‘മധുരം മലയാളം’ പദ്ധതിക്ക് നേതൃത്വം നൽകിയ അധ്യാപകനും സെന്റ് മേരീസ് അക്കാദമി ഡയറക്ടറുമായ സോജു തോമസിനെ ഡോ. മറിയ ഉമ്മൻ ആദരിച്ചു. മാതൃഭാഷയും സംസ്കാരവും പുതിയ തലമുറയിലേക്ക് പകർന്നുനൽകുന്നതിലുള്ള അദ്ദേഹത്തിന്റെ സേവനങ്ങളെ ചടങ്ങിൽ പ്രത്യേകം പ്രശംസിച്ചു.
യു കെയിൽ പ്രത്യേക പരിഗണന അർഹിക്കുന്ന സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ വിഷയങ്ങളും ഐ ഒ സി (യു.കെ) – കേരള ചാപ്റ്ററിന്റെ ഭാവി കർമ്മപദ്ധതികളും ഉൾക്കൊള്ളുന്ന പ്രോജക്ട് റിപ്പോർട്ട് സോജു തോമസ് കേരള ചാപ്റ്റർ ഭാരവാഹികൾക്ക് കൈമാറി.
പീറ്റർബോറോ യൂണിറ്റ് ഭാരവാഹികളായ ദിനു എബ്രഹാം, ജെനു എബ്രഹാം, അനുജ് മാത്യു തോമസ്, സണ്ണി എബ്രഹാം, ജോബി മാത്യു തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
