പീരുമേട് :ഇടുക്കി നിയോജക മണ്ഡലത്തിലെ വികസനത്തിനായി മുൻഗണനാക്രമത്തിൽ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് വിജയിച്ച ജനപ്രതിനിധി റോയി കെ. പൗലോസ് അറിയിച്ചു. പട്ടയം ഉൾപ്പെടെയുള്ള ഭൂവിഷയങ്ങൾ പരിഹരിക്കുന്നതിനായിരിക്കും തന്റെ പ്രഥമ പരിഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി. ഓരോ പഞ്ചായത്തിലും പട്ടയ വിതരണത്തിന് തടസ്സമാകുന്ന വ്യത്യസ്ത വിഷയങ്ങൾ പഠിച്ച് അവ പരിഹരിക്കാൻ ശ്രമിക്കും. ഒന്നാം പിണറായി സർക്കാർ കൊണ്ടുവന്ന പട്ടയഭൂമിയിലെ നിർമ്മാണനിരോധനം നീക്കുന്നതിനൊപ്പം കട്ടപ്പന ഉൾപ്പെടെയുള്ള പട്ടണങ്ങളിലെ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കർഷകർക്കുമേൽ വനംവകുപ്പ് നടത്തുന്ന ദ്രോഹനടപടികൾ അവസാനിപ്പിക്കുകയും വന്യജീവി ആക്രമണം ശാശ്വതമായി ഇല്ലാതാക്കാൻ സർക്കാരുമായി ആലോചിച്ച് നടപടികൾ സ്വീകരിക്കുകയും ചെയ്യും. ഇടുക്കി മെഡിക്കൽ കോളജിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ടൂറിസം മേഖലയുടെ വികസനത്തിനും പ്രത്യേക പദ്ധതികൾ കൊണ്ടുവരും. കായിക മേഖലയുടെ പുരോഗതിക്കായി കളിക്കളങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും മുൻഗണന നൽകുമെന്ന് റോയി കെ. പൗലോസ് കൂട്ടിചേർത്തു.
വികസനക്കുതിപ്പിനൊരുങ്ങി ഇടുക്കി; ഭൂപ്രശ്നപരിഹാരവും ടൂറിസവും മുൻഗണനയെന്ന് റോയി കെ. പൗലോസ്
