നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിന് വലിയ കീറാമുട്ടിയാകുന്നു. 140 അംഗ നിയമസഭയിൽ കേവലം 35 സീറ്റുകൾ മാത്രമായി എൽ.ഡി.എഫ് ചുരുങ്ങിയതോടെ, പാർലമെന്റിന്റെ ഉപരിസഭയിലേക്ക് തങ്ങളുടെ പ്രതിനിധികളെ അയക്കാൻ കഴിയാത്ത പ്രതിസന്ധിയിലാണ് സി.പി.എമ്മും സഖ്യകക്ഷികളും. നിലവിലെ നിയമമനുസരിച്ച് മൂന്ന് ഒഴിവുകൾ വരുന്ന തെരഞ്ഞെടുപ്പിൽ ഒരാളെ വിജയിപ്പിക്കാൻ കുറഞ്ഞത് 36 എം.എൽ.എമാരുടെ പിന്തുണ ആവശ്യമാണ്. എന്നാൽ ഇടതുപക്ഷത്തിന് ഒരാളുടെ കുറവുള്ളതിനാൽ ബി.ജെ.പി ഉൾപ്പെടെയുള്ള മറ്റ് അംഗങ്ങളുടെ നിലപാട് നിർണ്ണായകമാകും.
ഭരണപക്ഷമായ യു.ഡി.എഫിനാകട്ടെ 102 എം.എൽ.എമാരുടെ കരുത്തുറ്റ പിന്തുണയുള്ളതിനാൽ 2027-ലും 2028-ലുമായി ഒഴിവ് വരുന്ന ആറ് സീറ്റുകളും തൂത്തുവാരാനുള്ള സാധ്യത തെളിയുകയാണ്. ഓരോ വർഷവും മൂന്ന് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. കണക്കുകൾ പ്രകാരം രണ്ട് ഒഴിവുകൾ വരുമ്പോൾ ഒരാൾക്ക് ജയിക്കാൻ 47 വോട്ടും, മൂന്ന് ഒഴിവുകളിൽ 36 വോട്ടും വേണം. അടുത്ത വർഷം ഏപ്രിലിൽ കാലാവധി തീരുന്ന വി. ശിവദാസൻ, ജോൺ ബ്രിട്ടാസ് (സി.പി.ഐ.എം), പി.വി. അബ്ദുൾ വഹാബ് (മുസ്ലിം ലീഗ്) എന്നിവരുടെ സീറ്റുകളിലേക്കാണ് ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ ഘട്ടത്തിൽ ഇടതുപക്ഷത്തിന് സ്വന്തം സീറ്റുകൾ പോലും നിലനിർത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്.
തുടർന്ന് 2028 ഏപ്രിലിൽ എ.എ. റഹീം, ജെബി മേത്തർ, പി. സന്തോഷ് കുമാർ എന്നിവർ വിരമിക്കുന്നതോടെ അടുത്ത മൂന്ന് സീറ്റുകളിലേക്കും മത്സരം നടക്കും. എൽ.ഡി.എഫിന്റെ അംഗബലം 35-ൽ തന്നെ തുടരുന്നിടത്തോളം കാലം രാജ്യസഭയിലേക്ക് ഒരു അംഗത്തെ പോലും വിജയിപ്പിക്കാൻ ബി.ജെ.പിയുടെ അടക്കം സഹായം തേടേണ്ടി വരുന്നത് രാഷ്ട്രീയമായി വലിയ പ്രതിസന്ധിക്കാണ് വഴിതുറക്കുന്നത്. സഭയിൽ വ്യക്തമായ ഭൂരിപക്ഷമുള്ള യു.ഡി.എഫ് ഈ രാഷ്ട്രീയ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്താൻ ഒരുങ്ങുന്നതോടെ വരും വർഷങ്ങളിൽ കേരളത്തിൽ നിന്നുള്ള രാജ്യസഭാ പ്രാതിനിധ്യത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുമെന്ന് ഉറപ്പായി.
നിയമസഭയിലെ തരിച്ചടി രാജ്യസഭയിലും വിനയാകുന്നു: പാർലമെന്റിലെ ഇടതു ശബ്ദം നിലയ്ക്കുമോ?
