സൈനിക കേന്ദ്രങ്ങൾ മാത്രമല്ല, രാജ്യത്തെ മറ്റ് ഭൂപ്രദേശങ്ങളും ഇറാൻ ആക്രമിച്ചു: ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ.മാജിദ് അൽ അൻസാരി

ദോഹ: ഇറാന്റെ മിസൈലുകൾ ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ടെങ്കിലും ശ്രമം വിജയകരമായി പരാജയപ്പെടുത്താൻ കഴിഞ്ഞെന്ന് ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വക്താവുമായ ഡോ.മജീദ് അൽ അൻസാരി വ്യക്തമാക്കി.പ്രതിരോധ സംവിധാനങ്ങൾ കൊണ്ട് മിസൈലുകളെ നിഷ്പ്രഭമാക്കാൻ കഴിഞ്ഞു. വിമാനത്താവളത്തെ ഉന്നം വെച്ചെത്തിയ മിസൈലുകളൊന്നിനെയും ലക്ഷ്യം കാണാൻ അനുവദിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വിദേശകാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തറിന് നേരെയുണ്ടായ മിസൈൽ ആക്രമണങ്ങളെക്കുറിച്ച് ഇറാൻ മുൻകൂട്ടി അറിയിപ്പ് നൽകിയിരുന്നില്ലെന്നും ഡോ.മജീദ് അൽ അൻസാരി പറഞ്ഞു.ദോഹ ലക്ഷ്യമാക്കി ഇന്നലെ എത്തിയ ഇറാനിയൻ യുദ്ധവിമാനങ്ങളെ വെടിവെച്ച് വീഴ്ത്തി. യുദ്ധവിമാനങ്ങളിലെ ക്രൂ അംഗങ്ങളെ കണ്ടെത്തുന്നതിനായി ഖത്തർ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. മുന്നറിയിപ്പ് നൽകിയിട്ടും ഖത്തറിന്റെ വ്യോമപരിധിയിൽ പ്രവേശിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ആണ് ഇറാനിയൻ യുദ്ധവിമാനങ്ങളെവെടിവെച്ചു വീഴ്ത്തിയത്. ഇറാനുമായി നിലവിൽ യാതൊരു ആശയവിനിമയവും നടക്കുന്നില്ലെന്ന് അൽ അൻസാരി പറഞ്ഞു.വ്യോമപാത അടച്ചതിനെ തുടർന്ന് ഏകദേശം 8,000 പേർ ഖത്തറിൽ കുടുങ്ങിക്കിടക്കുകയാണ്. ഖത്തറിന്റെ സൈനിക കേന്ദ്രങ്ങളെ മാത്രമല്ല രാജ്യത്തിൻറെ എല്ലാ മേഖലകളെയും ലക്ഷ്യമിട്ടാണ് ഇറാന്റെ ആക്രമണം.ഖത്തർ എനർജിയുടെ റാസ് ലഫാൻ, മിസൈദ് പവർ പ്ലാന്റുകൾക്ക് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളോട് വേഗത്തിൽ പ്രതികരിച്ചതിനാൽ രണ്ടിടങ്ങളിലെയും നാശനഷ്ടങ്ങൾ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞു. രണ്ടു കേന്ദ്രങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ സാങ്കേതിക വിലയിരുത്തൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിനിടെ ഇറാൻ നടത്തുന്ന ആക്രമണം എല്ലാ പരിധിയും ലംഘിച്ചുവെന്നും മറുപടി നൽകാൻ ഖത്തറിന് അവകാശമുണ്ടെന്നും ഡോ. മാജിദ് അൽ അൻസാരി അഭിപ്രായപ്പെട്ടു. ഖത്തറിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തെ ശക്തമായി അപലപിച്ച അദ്ദേഹം, ആക്രമണത്തെക്കുറിച്ച് ഇറാൻ മുൻകൂട്ടി യാതൊരു സൂചനയും നൽകിയിരുന്നില്ലെന്നും വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് തിരിച്ചടി നൽകാനുള്ള അവകാശം ഖത്തറിനുണ്ട്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ആക്രമണത്തിനെതിരെ യു.എന്നിനും സുരക്ഷ കൗൺസിലിനും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടെന്നും വാർത്തസമ്മേളനത്തിൽ മാജിദ് അൽ അൻസാരി വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *