തിംഫു: വടക്കുപടിഞ്ഞാറൻ ഭൂട്ടാനിലെ ഗാസ ജില്ലയിലുള്ള ഷിന്റാഫു തടാകത്തിൽ ഹിമാനീ തടാകം പൊട്ടിത്തെറിച്ചു. ഇന്ത്യയിൽ മിന്നൽ പ്രളയ മുന്നറിയിപ്പ്. പശ്ചിമ ബംഗാളിലെയും അസമിലെയും ചില ഭാഗങ്ങളിലാണ് പെട്ടെന്നുള്ള വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഒരു ഹിമാനി തടാകമാണ് ഷിന്റാഫു. ഹിന്ദിപഠിക്കൂ
സംഭവത്തെ തുടർന്ന് ഗാസ ജില്ലയിലെ മൊ ചു നദിയുടെ കരയിലുള്ള ഗാസ ത്സാച്ചു എന്ന ഉഷ്ണജലപ്രവാഹത്തിന് സമീപത്തെ പ്രദേശങ്ങളെല്ലാം ഒഴുകിപ്പോയി. അപകടം മുന്നിൽകണ്ട് പ്രദേശത്തെ ജനങ്ങളെ നേരത്തെ ഒഴിപ്പിച്ചതിനാൽ ആൾനാശം ഒഴിവായി.
മൊ ചു നദിയുടെ തുടക്കഭാഗത്ത് സ്ഥിതിചെയ്യുന്ന ഷിന്റാഫു ഗ്ളേഷ്യൽ തടാകം ഭൂട്ടാനിലെ 17 അപകടകരമായ ഹിമാനികളിൽ ഒന്നാണ്. ഉഷ്ണജല പ്രവാഹമുള്ള ഗാസ ത്സാച്ചു ഇതിനുമുൻപ് 2021 ഓഗസ്റ്റ് 26നും പൂർണമായും ഇത്തരത്തിൽ ഒഴുകിപ്പോയി നശിച്ചിരുന്നു. അന്ന് നദി ഗതിമാറി ഒഴുകിയായിരുന്നു ദുരന്തം.
നിലവിൽ പ്രളയജലം കബേസ ഗെവോംഗിന് സമീപം ശ്രീഗാംഗിൽ എത്തിയതായി ഭൂട്ടാൻ വിവരം നൽകി. തങ്ങളുമായി അതിർത്തിപങ്കിടുന്ന ഇന്ത്യൻ ജില്ലകളായ ആസാമിലും ബംഗാളിലും മിന്നൽ പ്രളയമുന്നറിയിപ്പ് ഭൂട്ടാൻ നൽകി. ആസാമിലെ ധൂബ്രി, പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് മലനിരകൾ എന്നിവിടങ്ങളിലാണ് പ്രളയമുണ്ടാകുക.
ബംഗാളിലെ കൂച്ച്ബിഹാറിൽ ഭരണകൂടം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഭൂട്ടാനിലെ മോ ചു, ഫോ ചു എന്നീ നദികളുടെ പോഷകനദിയായ സങ്കോഷ് നദിക്കരയിൽ താമസിക്കുന്നവർക്കാണ് മുന്നറിയിപ്പ് കൊടുത്തിരിക്കുന്നത്. ഈ നദി പിന്നീട് ഒഴുകി ആസാമിൽ ബ്രഹ്മപുത്രയിൽ ചേരുകയാണ് പതിവ്.
പശ്ചിമ ബംഗാളിലെയും അസമിലെയും ജില്ലകൾ ഉൾപ്പെടെ, ഇന്ത്യൻ പ്രദേശങ്ങളിലുള്ള താമസക്കാരെല്ലാം നിലവിൽ സുരക്ഷിതരാണ്. അപകടസാധ്യതയുള്ള ഇടങ്ങളിൽ താമസിച്ചിരുന്നവരെ മുൻകരുതൽ നടപടിയെന്ന നിലയിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു
