പ്രതിപക്ഷനേതാവ് പിണറായി വിജയൻ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ നടത്തിയ പ്രസ്താവനയിൽ പ്രതികരണവുമായി വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ. തനിക്ക് വോട്ട് നൽകി വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് പ്രതിപക്ഷ നേതാവ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയത്തിൽ പിഴവുകൾ സംഭവിച്ചുവെന്ന് കേന്ദ്രകമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് വിലയിരുത്തലിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ നിഷേധിച്ചുകൊണ്ടുള്ള ഒരു പൊളിറ്റ് ബ്യൂറോ അംഗത്തിന്റെ നിലപാട് ശരിയാണോ എന്ന് ആ പാർട്ടിയുടെ നേതൃത്വം തീരുമാനിക്കണമെന്നും കുഞ്ഞികൃഷ്ണൻ അറിയിച്ചു. കോടാലിക്കൈ, വർഗവഞ്ചകൻ എന്നൊക്കെ വിളിക്കുകയല്ലാതെ താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് വസ്തുതാപരമായ മറുപടി പിണറായി വിജയനോ പാർട്ടിയുടെ കണ്ണൂർ ജില്ലാ നേതൃത്വമോ നൽകുന്നുണ്ടോ എന്നും കുഞ്ഞികൃഷ്ണൻ ചോദിച്ചു.
എല്ലാവരെയും എല്ലാ കാലത്തേക്കും തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറയുന്നു. 50,000ത്തോളം ഭൂരിപക്ഷം നേടി വിജയിച്ച സ്ഥാനാർഥിയെ മറികടന്ന് ഏഴായിരത്തിൽപ്പരം വോട്ടിനാണ് താൻ ജയിച്ചത്. പിണറായിയുടെ ഈ നിലപാട് പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്നതാണ്. പിണറായിക്കെതിരെ ഉയർന്ന ആക്ഷേപങ്ങളിൽ എന്തെങ്കിലും വിശദീകരണം ജനങ്ങൾക്ക് നൽകാൻ അദ്ദേഹം തയ്യാറാകുന്നുണ്ടോ എന്നും കുഞ്ഞികൃഷ്ണൻ ചോദിച്ചു.
