സപ്ലൈകോ ഓണവില്‍പ്പനയില്‍ 200 കോടി കടന്നു

ഓണവിപണിയില്‍ മുന്നേറ്റവുമായി സപ്ലൈകോ. ഓഗസ്റ്റ് ഒന്നു മുതല്‍ 19 ഉച്ചവരെയുള്ള കണക്കുകള്‍ പ്രകാരം സപ്ലൈകോയുടെ വിറ്റുവരവ് 207 കോടി രൂപ പിന്നിട്ടു.ഇതില്‍ സബ്സിഡി ഇനത്തില്‍ 72 കോടി രൂപയും നോണ്‍-സബ്സിഡി ഇനത്തില്‍ 135 കോടി രൂപയുമാണ് ലഭിച്ചത്. 19 ദിവസത്തിനിടെ സപ്ലൈകോയുടെ വില്പനശാലകളും ഓണം ഫെയറുകളും സന്ദര്‍ശിച്ചത് 26 ലക്ഷത്തോളം ഉപഭോക്താക്കളാണ്.
ഓണത്തോടനുബന്ധിച്ച്‌ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രത്യേകമായി സംഘടിപ്പിച്ച ഫെയറുകളില്‍ നിന്ന് മാത്രം ഏകദേശം രണ്ട് കോടി രൂപയുടെ വിറ്റുവരവും ലഭിച്ചു. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ നടക്കുന്ന മെഗാ ട്രേഡ് ഫെയറുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റുവരവ് ഇതുവരെ രേഖപ്പെടുത്തിയത് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന ഫെയറിലാണ്. ഇവിടെ 32 ലക്ഷം രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്.
ഓഗസ്റ്റ് 13-ന് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ ആരംഭിച്ച മെഗാ ട്രേഡ് ഫെയറില്‍ നിന്ന് ഇതുവരെ 30 ലക്ഷം രൂപയുടെ വിറ്റുവരവും ലഭിച്ചു. എഎവൈ വിഭാഗത്തിന് സൗജന്യമായി നല്‍കുന്ന ആറ് ലക്ഷം കിറ്റുകളില്‍ 4,32,000 എണ്ണം വിതരണത്തിനായി റേഷന്‍ കടകളില്‍ എത്തിച്ച്‌ കഴിഞ്ഞു. ഓഗസ്റ്റ് 20 ഓടെ മുഴവന്‍ കിറ്റുകളും റേഷന്‍ കടകളില്‍ ലഭ്യമാകുമെന്നും മാനേജിങ് ഡയറക്ടര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *