കോഴിക്കോട് ആസ്റ്റർ മിംസിൽ പാർക്കിൻസൺസ് രോഗികൾക്കായി അത്യാധുനിക അഡാപ്റ്റീവ് ഡി.ബി.എസ് ചികിത്സ ആരംഭിച്ചു


പാർക്കിൻസൺസ് രോഗികൾക്കായി കോഴിക്കോട് ആസ്റ്റർ മിംസിൽ ആരംഭിച്ച അത്യാധുനിക അഡാപ്റ്റീവ് ഡി.ബി.എസ് ക്ലിനിക്കിൻ്റെ ലോഞ്ചിങ് ഡോ.ആശ കിഷോറും ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. ജേക്കബ് ആലപ്പാട്ട്, ഡെപ്യൂട്ടി സിഎംഎസ് നൗഫൽ ബഷീർ തുടങ്ങിയവർ ചേർന്ന് നിർവ്വഹിക്കുന്നു

കോഴിക്കോട്: പാർക്കിൻസൺസ് രോഗികൾക്കായി നൂതന സാങ്കേതികവിദ്യയിലധിഷ്ഠിതമായ അഡാപ്റ്റീവ് ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ ചികിത്സാരീതി കോഴിക്കോട് ആസ്റ്റർ മിംസിൽ ആരംഭിച്ചു. നാഡീരോഗങ്ങൾക്ക് സമഗ്രമായ പരിചരണം ഉറപ്പാക്കുന്നതോടൊപ്പം പാർക്കിൻസൺസ് ബാധിതർക്കായി അത്യാധുനികമായ ചികിത്സാ സംവിധാനമാണ് വിദഗ്ധ ന്യൂറോളജിസ്റ്റുകൾ ഉൾപ്പെടുന്ന മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.

തലച്ചോറിലെ നാഡീകോശങ്ങളെ ബാധിക്കുന്ന സങ്കീർണ്ണമായ രോഗാവസ്ഥയാണ് പാർക്കിൻസൺസ്. പ്രധാന രോഗ ലക്ഷണങ്ങളായ ശരീരത്തിലുണ്ടാകുന്ന വിറയൽ, പേശികളുടെ മുറുക്കം, ചലനശേഷി കുറയൽ, ശരീര തുലനാവസ്ഥ നഷ്ടപ്പെടൽ തുടങ്ങിയ മൂലം രോഗിയുടെ സ്വയംപര്യാപ്തതയെയും ദൈനംദിന ജീവിതത്തെയും ക്രമേണ സാരമായി ബാധിക്കുന്ന ഈ അവസ്ഥയ്ക്ക് കൃത്യസമയത്ത് തന്നെ വിദഗ്ധ ചികിത്സ ഉറപ്പാക്കേണ്ടതുണ്ട്.

മരുന്നുകളിലൂടെ രോഗലക്ഷണങ്ങൾ പൂർണ്ണമായി നിയന്ത്രിക്കാൻ സാധിക്കാത്ത ഘട്ടങ്ങളിലാണ് ഡി.ബി.എസ് ചികിത്സ ഏറെ ഫലപ്രദമാകുന്നത്. പരമ്പരാഗത ഡി.ബി.എസ് ചികിത്സയിൽ നിന്ന് വ്യത്യസ്തമായി രോഗിയുടെ തലച്ചോറിലെ സിഗ്നലുകളെയും വ്യതിയാനങ്ങളെയും തത്സമയം വിലയിരുത്തി ആവശ്യാനുസരണം കൃത്യമായ അളവിൽ വൈദ്യുത തരംഗങ്ങൾ നൽകാൻ ഈ അത്യാധുനിക സാങ്കേതികവിദ്യയ്ക്ക് സാധിക്കും. കൂടാതെ തലച്ചോറിന്റെ തത്സമയ പ്രവർത്തനങ്ങൾക്ക് അനുസൃതമായി സ്വയം ക്രമീകരിക്കപ്പെടുന്ന ഈ രീതിയിലൂടെ രോഗലക്ഷണങ്ങളെ കൂടുതൽ കൃത്യതയോടെ പ്രതിരോധിക്കാനും രോഗികൾക്ക് ചലനശേഷി വീണ്ടെടുക്കാനും സാധിക്കും. വിദഗ്ദ്ധ ന്യൂറോളജിസ്റ്റ് ഡോ. ആശ കിഷോർ, ന്യൂറോ സർജൻ ഡോ. ജിം മാത്യു എന്നിവരുൾപ്പെടുന്ന വിദഗ്ധ മെഡിക്കൽ ടീമിന്റെ മേൽനോട്ടത്തിലാണ് ആശുപത്രിയിൽ അഡാപ്റ്റീവ് ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ ചികിത്സാരീതി ലഭ്യമാക്കുന്നത്.

ആരോഗ്യമേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങൾക്കനുസരിച്ച് ജനങ്ങൾക്ക് ഏറ്റവും ഉയർന്ന ഗുണനിലവാരമുള്ള അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ചികിത്സാ സംവിധാനം ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നതെന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം പറഞ്ഞു.

ആരോഗ്യ സേവന രംഗത്ത് 25 വർഷം പൂർത്തിയാക്കുന്ന വേളയിലാണ് കൂടുതൽ സമഗ്രമായ ആധുനിക ചികിത്സാ സൗകര്യങ്ങൾ കോഴിക്കോട് ആസ്റ്റർ മിംസിൽ ഒരുക്കിയിരിക്കുന്നത്. പാർക്കിൻസൺസ് ബാധിതർക്ക് കൃത്യമായ ചികിത്സയും പുനരധിവാസവും ഉറപ്പാക്കി അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ഈ പുതിയ ചികിത്സയിലൂടെ സാധിക്കുമെന്ന് ആശുപത്രി മാനേജ്‌മെന്റ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *