തൃശൂർ ജില്ലാ സൗഹൃദവേദി ഓണത്താളം 2026 സമാപന സമ്മേളനം സെപ്റ്റംബർ 18ന്; മന്ത്രി ഒ.ജെ. ജെനീഷ് ഉദ്ഘാടനം ചെയ്യും.

ദോഹ: തൃശൂർ ജില്ലാ സൗഹൃദവേദി (ടിജെഎസ് വി ) യുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളിൽ ശ്രദ്ധേയമായ ഓണാഘോഷം, ‘ഓണത്താളം 2026’ സമാപനത്തിലേക്ക് കടക്കുന്നു. എബിഎൻ ആൻഡ് ബെഹ്‌സാദ് ഗ്രൂപ്പ് മുഖ്യ പ്രായോജകരായ ആഘോഷങ്ങളുടെ സമാപന സമ്മേളനം സെപ്റ്റംബർ 18ന് ഖത്തറിലെ റീജൻസി ഹാളിൽ നടക്കും.

ഓണത്താളം സമാപന സമ്മേളനം കേരള സംസ്ഥാന കായിക, യുവജനക്ഷേമ, രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജെനീഷ് ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ അംബാസിഡർ ഡോ. കെ. ശ്രീകർ റെഡ്ഢി, നോർക്ക റൂട്ട്സ് ഡയറക്ടറും എബിഎൻ ആൻഡ് ബെഹ്‌സാദ് ഗ്രൂപ്പ് ചെയർമാനും സൗഹൃദവേദി രക്ഷാധികാരിയുമായ ജെ.കെ. മേനോൻ, സൗഹൃദവേദി അഡ്വൈസറി ബോർഡ് ചെയർമാൻ വി.എസ്. നാരായണൻ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും. സംഘടനയുടെ ഭാരവാഹികളും വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും സന്നിഹിതരാകും.

സെപ്റ്റംബർ 4, 11 തീയതികളിലായി നടന്ന കലാ-കായിക മത്സരങ്ങളുടെ തുടർച്ചയായാണ് സമാപന ദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. മെഗാ ഓണസദ്യ, സ്റ്റാർ സിംഗർ സീസൺ 10 ജേതാവ് ശിവപ്രിയ സുരേഷ്, പിന്നണി ഗായകൻ വിപിൻ സേവ്യർ എന്നിവർ അവതരിപ്പിക്കുന്ന സംഗീതവിരുന്ന്, അൻപതിലധികം കലാകാരന്മാർ അണിനിരക്കുന്ന ചെണ്ടമേളം, വിവിധ കലാരൂപങ്ങൾ ഉൾക്കൊള്ളുന്ന വർണാഭമായ ഘോഷയാത്ര തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ആഘോഷങ്ങൾക്ക് മിഴിവേകും.

2026 ജൂണിൽ ആരംഭിച്ച തൃശൂർ ജില്ലാ സൗഹൃദവേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾ വരും മാസങ്ങളിലും തുടരും. 2027 ഏപ്രിലിൽ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഓപ്പൺ ഗ്രൗണ്ടിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന കേരള കാർണിവലും തൃശൂർ പൂരവും ഉൾപ്പെടുന്ന വിപുലമായ ആഘോഷങ്ങളോടെയാകും സിൽവർ ജൂബിലി പരിപാടികൾക്ക് സമാപനമാകുക.

ഓണത്താളം 2026-ന്റെ സമാപന സമ്മേളനത്തിലും തുടർ ആഘോഷങ്ങളിലും മുഴുവൻ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും പ്രവാസി മലയാളികളുടെയും സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നതായി സിൽവർ ജൂബിലി ആഘോഷ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *