നിലമ്പൂർ മലവെള്ളപ്പാച്ചിൽ: മരണം നാലായി; രണ്ടുപേരെ തിരിച്ചറിഞ്ഞു; കാണാതായവർക്കായി തെരച്ചിൽ പുനരാരംഭിച്ചു..!

നിലമ്പൂർ പൂക്കോട്ടുംപാടം ചോക്കാട് കോട്ടപ്പുഴയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ മരിച്ചവരുടെ എണ്ണം നാലായതായി അനൗദ്യോഗിക സ്ഥിരീകരണം. നാട്ടുകാരും അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

മരിച്ചവരിൽ കോട്ടക്കൽ എടരിക്കോട് സ്വദേശി മങ്ങാടൻ ഹമീദിന്റെ മകൻ അനസ് യാസീൻ (25), തിരൂർ സ്വദേശി പരന്നപറമ്പൻ മുഹമ്മദ്‌ കുട്ടി (65) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വണ്ടൂർ, കരുവാരക്കുണ്ട് സ്വദേശികളുടെ മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്.

പുഴയിൽ അലക്കാൻ ഇറങ്ങിയ പ്രാദേശികവാസിയായ സജിത (26) എന്നിവരടക്കം കാണാതായിട്ടുണ്ട്.

സംഭവിച്ച സ്ഥലത്തുനിന്ന് അഞ്ച് കിലോമീറ്റർ അകലെ പൊട്ടിക്കല്ല് തടയണയ്ക്ക് താഴെ നിന്നാണ് ഒരു മൃതദേഹം ലഭിച്ചത്. മറ്റൊന്ന് ആന്റണിക്കാട് അയനിക്കുണ്ട് ഭാഗത്തുനിന്നുമാണ് കണ്ടെത്തിയത്. മോശം കാലാവസ്ഥയും ഉൾവനത്തിൽ മഴ ശക്തമായതും കാരണം ഇന്നലെ രാത്രി ഒമ്പതരയോടെ നിർത്തിവെച്ച തെരച്ചിൽ ഇന്ന് രാവിലെ അല്പ സമയം മുമ്പ് പുനരാരംഭിച്ചു. പുഴയുടെ ഇരുകരകളും കേന്ദ്രീകരിച്ചാണ് ഫയർഫോഴ്സും പോലീസും നാട്ടുകാരും തെരച്ചിൽ നടത്തുക.

ഞായറാഴ്ച ഒഴിവുദിവസമായതിനാൽ ഒളർവട്ടം കനാൽ മുതൽ ടി.കെ. കോളനി വരെയുള്ള പുഴയോരങ്ങളിൽ ഒട്ടേറെ സഞ്ചാരികൾ ഉണ്ടായിരുന്നു. ചോക്കാട് പ്രദേശത്ത് മഴയുണ്ടായിരുന്നില്ലെങ്കിലും ഉൾവനത്തിലുണ്ടായ കനത്ത മഴയെ തുടർന്ന് പെട്ടെന്ന് മലവെള്ളപ്പാച്ചിൽ രൂപപ്പെടുകയായിരുന്നു. പ്രളയത്തിൽ പുഴയുടെ മധ്യത്തിൽ അകപ്പെട്ട മുപ്പതോളം പേരെ നാട്ടുകാരുടെ സമയോചിതമായ ഇടപെടലിലൂടെ കയറും വടവും എറിഞ്ഞുനൽകി സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു.

കാണാതായവരുടെ ബന്ധുക്കൾ വിവരങ്ങൾ തേടി പോലീസ് സ്റ്റേഷനുകളിലേക്ക് എത്തുന്ന പശ്ചാത്തലത്തിൽ തിരച്ചിൽ കൂടുതൽ ഊർജ്ജിതമാക്കാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *