കൊച്ചി: റോക്കിംഗ് സ്റ്റാർ യാഷ് നായകനാകുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ ചിത്രത്തിന്റെ ലോകവ്യാപക റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം 2026 ഓഗസ്റ്റ് 26 ബുധനാഴ്ച തിയേറ്ററുകളിലെത്തും. റിലീസ് തീയതി പ്രഖ്യാപനത്തോടൊപ്പം പുറത്തിറക്കിയ ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ വലിയ തരംഗമായി മാറിക്കഴിഞ്ഞു. യാഷിന്റെ ഇരട്ട അവതാരങ്ങളായ റായയെയും ടിക്കറ്റിനെയുമാണ് പുതിയ പോസ്റ്ററിലൂടെ അണിയറപ്രവർത്തകർ പരിചയപ്പെടുത്തിയിരിക്കുന്നത്.ഫാദർഹുഡ് ആഘോഷിക്കുന്ന ഒരു സാധാരണ ചിത്രമല്ല ഇതെന്ന് വ്യക്തമാക്കുന്ന സൂചനകളാണ് പുതിയ പോസ്റ്റർ നൽകുന്നത്. പകരം സംഘർഷവും അധികാരവും വികാരങ്ങളുടെ സങ്കീർണതയും നിറഞ്ഞ ഒരു ബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. പരസ്പരവിരുദ്ധമായ വികാരങ്ങളും മറഞ്ഞിരിക്കുന്ന ബന്ധങ്ങളും വലിയൊരു ലോകനിർമ്മാണവുമാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്. അതുകൊണ്ടുതന്നെ ഒരു സാധാരണ റിലീസ് തീയതി പ്രഖ്യാപനത്തിന് അതീതമായി, വർഷത്തിലെ ഏറ്റവും പ്രതീക്ഷയുണർത്തുന്ന ചിത്രങ്ങളിലൊന്നായ ‘ടോക്സിക്കി’നോടുള്ള പ്രേക്ഷകരുടെ ആകാംക്ഷ കൂടുതൽ ശക്തമാക്കാൻ ഈ പോസ്റ്ററിന് സാധിച്ചിട്ടുണ്ട്.വരമഹാലക്ഷ്മി, ഓണം, ഈദ്, രക്ഷാബന്ധൻ എന്നീ ആഘോഷങ്ങൾ ഉൾപ്പെടുന്ന 2026-ലെ പ്രധാന ഉത്സവ സീസണിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ബുധനാഴ്ച റിലീസ് ചെയ്യുന്നതിലൂടെ ഈ നീണ്ട അവധിക്കാലത്ത് ആഭ്യന്തര, അന്തർദേശീയ വിപണികളിലായി മികച്ച ഓപ്പണിംഗ് നേടാൻ ചിത്രത്തിന് സാധിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം. വിവിധ പ്രദേശങ്ങളിലെയും ഭാഷകളിലെയും പ്രേക്ഷകരിലേക്ക് ചിത്രം വ്യാപകമായി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മിഡ്-വീക്ക് റിലീസ് തന്ത്രം അണിയറപ്രവർത്തകർ സ്വീകരിച്ചിരിക്കുന്നത്. സംവിധായിക ഗീതു മോഹൻദാസും റോക്കിംഗ് സ്റ്റാർ യാഷും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ടോക്സിക്കിനുണ്ട്. മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും കെ.വി.എൻ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മഹത്തായ സംരംഭങ്ങളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചിരിക്കുന്ന ‘ടോക്സിക്’, ഇന്ത്യൻ സിനിമയ്ക്ക് പുതിയൊരു മാനദണ്ഡം സൃഷ്ടിക്കാനുള്ള ലക്ഷ്യത്തോടെയാണ് ഒരുക്കിയിരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. പാൻ-ഇന്ത്യൻ തലത്തിൽ കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവരടങ്ങുന്ന ശക്തമായ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
റോക്കിംഗ് സ്റ്റാർ യാഷിന്റെ ‘ടോക്സിക്’ ഓഗസ്റ്റ് 26 ന്: ആകാംക്ഷയുണർത്തി പുതിയ പോസ്റ്റർ
