കിരീടം നിലനിർത്താൻ കൊച്ചി ബ്ലൂ ടൈഗേഴ്സ്

കെസിഎല്ലിൽ കിരീടനേട്ടം ആവർത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ്. കഴിഞ്ഞ തവണ കപ്പുയർത്തിയ ടീമിലെ പ്രധാന താരങ്ങളെ നിലനിർത്തിയതിനൊപ്പം ബേസിൽ തമ്പിയും മനു കൃഷ്ണനുമടക്കമുള്ള പരിചയസമ്പന്നരെയും യുവതാരങ്ങളെയും പുതുതായി ടീമിലെത്തിക്കാനും ഇത്തവണ മാനേജ്മെൻ്റിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ശക്തമായ ബാറ്റിങ്-ബൗളിങ് നിരകളാണ് ടീമിൻ്റേത്. കഴിഞ്ഞ സീസണിൽ ടീമിനെ കിരീടത്തിലേക്ക് നയിച്ച സാലി സാംസൺ തന്നെയാണ് ഇത്തവണയും ടീമിൻ്റെ ക്യാപ്റ്റൻ. ആദ്യ സീസണിൽ ടീമിനെ നയിച്ച അനുഭവസമ്പന്നനായ പേസ് ബൗളർ ബേസിൽ തമ്പിയാണ് വൈസ് ക്യാപ്റ്റൻ. ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ടീം രൂപീകരണത്തിലും യുവതാരങ്ങളുടെ മെന്ററിങ്ങിലും വികസനത്തിലും നിർണായക പങ്കുവഹിക്കുന്നു എന്നത് ടീമിന് കൂടുതൽ കരുത്തുപകരുന്നുണ്ട്.ഒൻപതാം നമ്പർ വരെ ബാറ്റ് ചെയ്യാൻ കഴിയുന്ന ബാറ്റിങ് ഡെപ്തും ടി20ക്ക് അനുയോജ്യരായ പവർ ഹിറ്റർമാരും വൈവിധ്യമാർന്ന ബൗളിങ് ഓപ്ഷനുകളുമാണ് ഇത്തവണ കൊച്ചി ടീമിന്റെ സവിശേഷത. സഞ്ജു സാംസൻ്റെ അഭാവത്തിൽ വിനൂപ് മനോഹരൻ തന്നെയായിരിക്കും ഇത്തവണ ബാറ്റിങ് നിരയുടെ ചുക്കാൻ പിടിക്കുക. ഫൈനലിൽ തകർപ്പൻ ഇന്നിങ്സുമായി കളിയിലെ താരമായ വിനൂപ് കഴിഞ്ഞ സീസണിൽ റൺവേട്ടക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനവും നേടിയിരുന്നു. കഴിഞ്ഞ തവണ ടീമിലുണ്ടായിരുന്ന മൊഹമ്മദ് ഷാനുവും വിപുൽ ശക്തിയും ഇത്തവണയും ബാറ്റിങ് നിരയിലുണ്ട്. സമീപകാലത്ത് തകർപ്പൻ ഫോമിൽ തുടരുന്ന വിപുൽ ശക്തി എൻഎസ്കെ ട്രോഫിയിൽ ടൂ‍ർണ്ണമെൻ്റിൻ്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വെടിക്കെട്ട് ബാറ്റർമാരായ സച്ചിൻ സുരേഷും പവൻ ശ്രീധറും വിക്കറ്റിന് മുന്നിലും പിന്നിലും ടീമിന് കരുത്ത് പകരും.ഓൾറൗണ്ടർമാരുടെ നീണ്ട നിരയാണ് ടീമിൻ്റെ മറ്റൊരു കരുത്ത്. ക്യാപ്റ്റൻ സാലി സാംസനും മുഹമ്മദ് ആഷിഖുമാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. കഴിഞ്ഞ ഫൈനലിൽ കളിയുടെ ഗതി തിരിച്ചുവിട്ട തകർപ്പൻ ക്യാച്ചുകളിലൂടെയും മികച്ച ഓൾറൗണ്ട് മികവിലൂടെയും ടൂർണമെൻ്റിലുടനീളം തിളങ്ങിയ താരമാണ് സാലി. മറുവശത്ത് ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേപോലെ മാച്ച് വിന്നറാണ് മൊഹമ്മദ് ആഷിഖ്. അക്ഷയ് ചന്ദ്രൻ, മനു കൃഷ്ണൻ, മിഥുൻ പി കെ,കാർത്തിക് ബി നായർ എന്നിവരുടെ പരിചയസമ്പത്ത് കൂടി ചേരുമ്പോൾ ശക്തമായ അടിത്തറയുള്ള ടീമാണ് കൊച്ചിയുടേത്. ആൽഫി ഫ്രാൻസിസ് ജോൺ, ജോബിൻ ജോബി, ആദി അഭിലാഷ്, എന്നിവരടങ്ങുന്ന യുവനിര കൂടി ചേരുന്നതോടെ, ഏത് പ്രതിസന്ധി ഘട്ടത്തിലും കളി കൈപ്പിടിയിലൊതുക്കാൻ പോന്ന ശക്തമായൊരു ഓൾറൗണ്ട് നിരയായി ബ്ലൂ ടൈഗേഴ്സ് മാറുന്നു.ബൗളിങ്ങിൽ കഴിഞ്ഞ തവണത്തേക്കാൾ ശക്തമായൊരു നിരയാണ് ഇത്തവണ കൊച്ചിയുടേത്. വേഗം കൊണ്ട് വിസ്മയം തീർക്കുന്ന മൂന്ന് പേസർമാരാണ് ഇത്തവണ ടീമിനൊപ്പമുള്ളത്. കെ എം ആസിഫ്, ബേസിൽ തമ്പി, ഏദൻ ആപ്പിൾ ടോം എന്നിവരാണ് ഈ താരങ്ങൾ. കഴിഞ്ഞ സീസണിൽ 16 ഇരകളുമായി വിക്കറ്റ് വേട്ടയിൽ മൂന്നാം സ്ഥാനത്തായിരുന്നു കെ എം ആസിഫ്. ആദ്യ സീസണിൽ കൊച്ചിയുടെ ക്യാപ്റ്റനായിരുന്ന ബേസിൽ തമ്പി ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. അനിവാര്യ ഘട്ടങ്ങളിൽ ബാറ്റ് കൊണ്ട് കൂറ്റൻ ഷോട്ടുകൾ പായിക്കാനും ബേസിലിന് കഴിയും. ബേസിലിനെപ്പോലെ ബാറ്റിങ്ങിലും തിളങ്ങാൻ കഴിയുന്ന താരമാണ് ഏദൻ ആപ്പിൾ ടോമും. കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിൽ രാജസ്ഥാനെതിരെ വാലറ്റത്ത് കാഴ്ച വച്ച തകർപ്പൻ ഇന്നിങ്സിലൂടെ ഏദൻ ശ്രദ്ധേയനായിരുന്നു. വെറും 18 പന്തുകളിൽ ഒരു ഫോറും അഞ്ച് സിക്സും അടക്കം 40 റൺസുമായി പുറത്താകാതെ നിന്ന ഏദൻ അവസാന പന്തിൽ സിക്സർ പറത്തിയായിരുന്നു ടീമിനെ വിജയത്തിലെത്തിച്ചത്. ഭിന്നശേഷിക്കാരുടെ ലോകകപ്പിൽ ഇന്ത്യയെ ചാമ്പ്യന്മാരാക്കിയ ടീമിലെ അംഗവും ടൂർണമെൻ്റിലെ മികച്ച ബൗളറുമായി തിരഞ്ഞെടുക്കപ്പെട്ട അനീഷ് രാജനാണ് ബൗളിങ് നിരയിലെ മറ്റൊരു താരം.സി.എം. ദീപക്കാണ് ഡയറക്ടർ ഓഫ് കോച്ചിംഗ്. റൈഫി വിൻസെന്റ് ഗോമസ് ഹെഡ് കോച്ചും സനൂത് ഇബ്രാഹിം ലീഡ് കോച്ചും എസ്. അനീഷ് ബൗളിംഗ് കോച്ചുമായി ടീമിനൊപ്പമുണ്ട്. റോബർട്ട് ഫെർണാണ്ടസ് (മെന്റർ), ക്രിസ്റ്റഫർ ഫെർണാണ്ടസ് (ട്രെയിനർ), സജി സോമസുന്ദരൻ (പെർഫോമൻസ് അനലിസ്റ്റ്), അബ്ദുൾ ഫത്താഹ് ഇസ്മായിൽ (ഫിസിയോ), ഗിരീഷ് ഇ.കെ. (ത്രോഡൗൺ സ്പെഷ്യലിസ്റ്റ്), മാത്യു ചെറിയാൻ (ടീം മാനേജർ) എന്നിവരടങ്ങുന്നതാണ് സപ്പോർട്ട് സ്റ്റാഫ്.വ്യവസായിയും സംരംഭകനുമായ സുഭാഷ് മാനുവലാണ് ടീമിൻ്റെ ഉടമ. ജോസ് മാനുവൽ, ശിവപ്രസാദ്, ശരത് രാജ് എന്നിവർ ഡയറക്ടർമാരും രഘു രാമചന്ദ്രൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമാണ്.ടീം അംഗങ്ങൾ – സാലി സാംസൺ, ബേസിൽ തമ്പി, മുഹമ്മദ് ആഷിഖ്, അക്ഷയ് ചന്ദ്രൻ, ഏദൻ ആപ്പിൾ ടോം, മനു കൃഷ്ണൻ, മിഥുൻ പി കെ, വിനൂപ് മനോഹരൻ, കെ എം ആസിഫ്, പവൻ ശ്രീധർ, ജെറിൻ പി എസ്, സച്ചിൻ സുരേഷ്, ആൽഫി ഫ്രാൻസിസ് ജോൺ, ആദി അഭിലാഷ്, അനന്ദു സുനിൽ, മുഹമ്മദ് ഷാനു, ജോബിൻ ജോബി, അനീഷ് രാജൻ, കാർത്തിക് ബി നായർ, വിപുൽ ശക്തി.

Leave a Reply

Your email address will not be published. Required fields are marked *