കൊച്ചി: പാതിവില തട്ടിപ്പിൽ അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ പ്രതി അനന്തു കൃഷ്ണന്റെ സ്ഥാപനങ്ങളിൽ റെയ്ഡുമായി ക്രൈംബ്രാഞ്ച്. കൊച്ചിയിലെ ഓഫീസുകളിലാണ് വിശദമായ പരിശോധന. തട്ടിപ്പിന് കുടുംബശ്രീയെയും ഉപയോഗിച്ചതായി അന്വേഷണ സംഘം കണ്ടെത്തി.
സമീപകാലത്തൊന്നും കാണാത്ത വമ്പൻ സംഘവുമായി പാതിവില തട്ടിപ്പ് അന്വേഷണം തുടങ്ങിയ ക്രൈംബ്രഞ്ച് ആദ്യം പിടിയായി അനന്തു കൃഷ്ണന്റെ സ്ഥാപനങ്ങൾ അരിച്ചു പെറുക്കുകയാണ്. കോടതിയിൽ നിന്നുള്ള സെർച്ച് വാറന്റുമായി കൊച്ചി പനമ്പള്ളി നഗറിലെ സോഷ്യൽ ബി.വെൻചേർസിൽ നിന്നാണ് തുടക്കം. സോഷ്യൽ ബി.വെഞ്ചേഴ്‌സിന്റെയും കളമശേരിയിലെ പ്രൊഫഷണൽ സർവീസ് ഇന്നവേഷന്റെയും അക്കൗണ്ടിലേക്കാണ് വിവിധ എൻ ജി ഒ കളും വ്യക്തികളുമെല്ലാം അനന്തുവിന്റെ വാക്ക് വിശ്വസിച്ച് പണം അയച്ചത്. പകുതി വിലയ്ക്ക് വാഹനങ്ങൾ അടക്കം നൽകാമെന്ന പേരിൽ തട്ടിപ്പിനിരയായവരുമായി പ്രതി ഉണ്ടാക്കിയ കരാർ രേഖകളും ഈ സ്ഥാപനങ്ങൾ വഴി ആണെന്നാണ് ലഭിക്കുന്ന വിവരം.